സാമൂഹികഅകലം പാലിക്കാത്തതിനു പെറ്റി; തർക്കിച്ചയാൾ മോഷണക്കേസിൽ അറസ്റ്റിൽ


കൊല്ലം• സാമൂഹികഅകലം പാലിച്ചില്ലെന്ന പേരില്‍ പെറ്റി നോട്ടിസ് നൽകിയപ്പോൾ പൊലീസിനെതിരെ പ്രതികരിച്ചയാൾ മോഷണ കേസിൽ അറസ്റ്റിൽ. ചടയമംഗലം സ്വദേശി ശിഹാബാണ് പൊലീസ് പിടിയിലായത്. ഒരു മാസം മുൻപ് ശിഹാബിന്, സാമൂഹിക അകലം പാലിക്കാത്തതിനു പൊലീസ് പെറ്റി നോട്ടിസ് നൽകിയത് ചടയമംഗലം സ്വദേശിനിയായ ഗൗരിനന്ദ ചോദ്യം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. ബാങ്കിനു മുന്നിൽ ക്യൂ നിന്നപ്പോൾ‌ പെറ്റി നൽകിയതുമായി ബന്ധപ്പെട്ടു ശിഹാബും പൊലീസ് തമ്മിൽ വാക്കുതർക്കം നടക്കുമ്പോഴാണ് ഗൗരിനന്ദ ഇടപെട്ടത്.

സഹോദരൻ അബ്ദുൾ സലാമിന്റെ വീട്ടിൽ മോഷണം നടത്തിയതിനാണ് ശിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ സലാമിന്റെ വീടിന്റെ ടെറസ്സിന്റെ മുകളിൽ ഉണക്കി മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. തുടർന്ന് സലാം, കടക്കൽ പൊലീസിൽ പരാതി നൽകി.

ശിഹാബിനെ സംശയമുണ്ടെന്നു പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷണം പോയ ഒരു ചാക്ക് നെല്ല് ശിഹാബിന്റെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തിൽ ശിഹാബ് കുരുമുളക് ഓട്ടോറിക്ഷയിൽ നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിൽ പതിനാലായിരം രൂപയ്ക്കു വിറ്റതായി കണ്ടെത്തി. പൊലീസ് ശിഹാബിനെ കടയിൽ എത്തിച്ചു കുരുമുളക് കണ്ടെടുത്തു. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ ശിഹാബെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍