മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും ബസില്‍ ഒരുമിച്ച് യാത്ര ചെയ്തു; ഇരുവരെയും പൊലീസിലേല്‍പിച്ച് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍

ബെംഗളൂരു: മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും ബസില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് ഇരുവരെയും പൊലീസിലേല്‍പ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. ദക്ഷിണ കന്നഡയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരാണ് ബസ് തടഞ്ഞ് ഇരുവരെയും പൊലീസില്‍ ഏല്‍പിച്ചത്. ദക്ഷിണ കന്നഡയിലെ സുള്ള്യ പൊലീസ് സ്റ്റേഷനിലാണ് ഇവരെ എത്തിച്ചത്.

പുട്ടൂരില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. നൗഷാദ് എന്ന വ്യക്തിയാണ് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത്. പുട്ടൂരില്‍ നിന്ന് കുംഭ്രയിലേക്കാണ് ഇയാള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

എന്നാല്‍ ഒരു ഇന്റര്‍വ്യൂ കോള്‍ കിട്ടിയതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്ര ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഇവരെ പൊലീസിലേല്‍പ്പിച്ചത്.ഇവരുടെ ഫോണ്‍ പരിശോധിച്ചെന്നും ഇരുവരും തമ്മില്‍ നേരത്തെ പരിചയമില്ലെന്നും സുള്ള്യ പൊലീസ് ഇന്‍സ്പെക്ടര്‍ നവീന്‍ചന്ദ്ര ജോഗി പറഞ്ഞു.

ബസിലുണ്ടായ പ്രാദേശിക ബജറംഗ്ദള്‍ പ്രവര്‍ത്തകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിന്ദു ജാഗരണ വേദിപ്രവര്‍ത്തകര്‍ ബസ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ കാറില്‍ ചേസ് ചെയ്താണ് ബസ് തടഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍