ബി.പി. കൂടിയാല്‍ വൃക്കരോഗമുണ്ടാകുമോ? വൃക്കരോഗം വന്നാല്‍ ബി.പി. കൂടുമോ? വിശദമായി അറിയാം

Representative Image| Photo: GettyImages

ഒഴുകുന്ന രക്തം രക്തധമനികളുടെ ഭിത്തിയിൽ ഉണ്ടാക്കുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ. ഹൃദയത്തിന്റെ അറ സങ്കോചിച്ച് രക്തത്തെ ധമനിയിലേക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന മർദത്തെ സിസ്റ്റോളിക് (Systolic) എന്നും ഹൃദയം വികസിച്ച്, രക്തം നിറയുമ്പോഴുണ്ടാകുന്ന മർദത്തെ ഡയസ്റ്റോളിക് (diastolic) എന്നും പറയുന്നു. ആരോഗ്യമുള്ള ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറിയാണ് (120 സിസ്റ്റോളിക് രക്തസമ്മർദം; 80 ഡയസ്റ്റോളിക് രക്തസമ്മർദം). രക്തസമ്മർദം 140/90ന് മുകളിലായാൽ അതിനെ ഉയർന്ന രക്തസമ്മർദമായി കണക്കാക്കുന്നു.

ഉയർന്ന രക്തസമ്മർദത്തെ പ്രാഥമിക ഉയർന്ന രക്തസമ്മർദം (Primary/ Essential Hypertension) ദ്വിതീയ ഉയർന്ന രക്തസമ്മർദം (Secondary Hypertension) എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രൈമറി ഹൈപ്പർടെൻഷന് പ്രത്യേകം കാരണങ്ങൾ കാണാറില്ല. പ്രമേഹംപോലെ ഇതൊരു ജീവിതശൈലി രോഗമാണ്. പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രായം കൂടുംതോറും രക്തസമ്മർദം ഉയരാനുള്ള സാധ്യത വർധിക്കും. അമിതവണ്ണം, പുകവലി, മദ്യപാനം, ആഹാരത്തിലെ ഉപ്പിന്റെ അളവ്, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളും പ്രൈമറി ഹൈപ്പർടെൻഷന് സാധ്യത കൂട്ടും.

സെക്കൻഡറി ഹൈപ്പർടെൻഷന്റെ പ്രധാന കാരണം വൃക്കരോഗമാണ്. കൂടാതെ ഹൃദ്രോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രീനൽ ഗ്രന്ഥിയുടെയും പ്രവർത്തന വ്യതിയാനം, രക്തധമനികളുടെ ചുരുങ്ങൽ, ശ്വാസതടസ്സംമൂലം ഉറക്കമില്ലായ്മ (Obstructive Sleep Apnoea), ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും സെക്കൻഡറി ഹൈപ്പർടെൻഷനിലേക്ക് നയിച്ചേക്കാം.

വൃക്കകൾക്ക് എന്ത് സംഭവിക്കും?

രക്തസമ്മർദം നിയന്ത്രണാതീതമായാൽ വൃക്കസ്തംഭനം ഉണ്ടാകും. പ്രമേഹമുള്ളവരിൽ ഇതിന് സാധ്യത കൂടുതലാണ്. ഉയർന്ന രക്തസമ്മർദംകൊണ്ട് വൃക്കകളുടെ അകത്തും ചുറ്റും ഉള്ള രക്തധമനികൾക്ക് കേടുപാട് വരും. രക്തധമനികളിൽ ഹയലൈൻ (hyaline) എന്ന പദാർഥം അടിഞ്ഞുകൂടും. അതുകാരണം ധമനികളുടെ കട്ടി കൂടും. ഒരുപരിധി കഴിഞ്ഞാൽ രക്തയോട്ടം കുറയും. ഉയർന്ന രക്തസമ്മർദം രക്തധമനികളുടെ ഉൾപാളിക്കും (endothelium) കേടുവരുത്തും. രക്തധമനികളുടെ ഉള്ളിൽ പ്ലാക്ക് (plaques) ഉണ്ടാകും. ഇതും രക്തയോട്ടം കുറയാൻ കാരണമാകും. ധമനികൾ കല്ലിക്കുകയോ ചുരുങ്ങുകയോ ബലക്ഷയം വരികയോ ചെയ്യും.

Representative Image| Photo: GettyImages

ഇങ്ങനെ സംഭവിക്കുമ്പോൾ വൃക്കകൾക്ക് ആവശ്യത്തിന് പോഷണവും ഓക്സിജനും കിട്ടില്ല. വൃക്കകളിലെ കോശങ്ങൾ കാലക്രമേണ നശിക്കും. ഇതുകാരണം വൃക്കകൾക്ക് രക്തം ശുദ്ധീകരിക്കാൻ സാധിക്കുകയില്ല. കാലക്രമേണ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞുവരികയും വൃക്കസ്തംഭനം സംഭവിക്കുകയും ചെയ്യും. തന്മൂലം ശരീരത്തിലെ ജലാംശത്തിന്റെയും ഉപ്പിന്റെയും അളവ് കൂടും. ഇത് രക്തസമ്മർദം വീണ്ടും കൂടാൻ ഇടയാക്കും. ഇതൊരു വിഷമവൃത്തമാണ് (Vicious cycle). ഉയർന്ന രക്തസമ്മർദംകൊണ്ട് വൃക്കരോഗം ഉണ്ടാവുകയും വൃക്കരോഗംകൊണ്ട് രക്തസമ്മർദം വീണ്ടും കൂടുകയും ചെയ്യും

ലക്ഷണങ്ങൾ തിരിച്ചറിയുമോ

ഉയർന്ന രക്തസമ്മർദം വൃക്കകളെ ബാധിച്ചാൽ ആദ്യഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. മൂത്രത്തിലുണ്ടാകുന്ന പത, കാലിലും മുഖത്തുമുണ്ടാകുന്ന നീര് എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. വൃക്കരോഗം മൂർച്ഛിക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുകയും ശരീരത്തിൽ നീര് കൂടുകയും ചെയ്യാം. പിന്നീട് വിളർച്ച, കിതപ്പ്, ക്ഷീണം, ഓക്കാനം, ഛർദി, എല്ലുകളുടെ തേയ്മാനം എന്നിവ ഉണ്ടാകും.

മൂത്രവും രക്തവും പരിശോധിച്ചാൽ വൃക്കകൾക്ക് തകരാറുണ്ടോ എന്ന് അറിയാം. മൂത്രപരിശോധന (urine routine test), രക്തത്തിലെ ക്രിയാറ്റിനിൻ പരിശോധന എന്നിവ ആവശ്യമാണ്. ക്രിയാറ്റിനിൻ കൂടിയാലോ മൂത്രത്തിൽ പ്രോട്ടീൻ കണ്ടാലോ വൃക്കരോഗ വിദഗ്ധനെ കാണിച്ച് വിശദമായ പരിശോധനകൾ നടത്തണം. വൃക്കകളുടെ അസുഖമാണ് ഉയർന്ന രക്തസമ്മർദത്തിന് കാരണമെങ്കിൽ വൃക്കയിൽ നിന്ന് കോശമെടുത്ത് പരിശോധിക്കണം (kidney biopsy).

സങ്കീർണമാകുന്നത് എങ്ങനെ?

ചിലപ്പോൾ വൃക്കകളിലേക്കുള്ള രക്തധമനികൾ ചുരുങ്ങിപ്പോകും. ഇത് ഒരുവശത്തോ രണ്ടുവശത്തോ ആകാം. ഇതിന് റീനൽ ആർട്ടറി സ്റ്റെനോസിസ് (Renal Artery Stenosis) എന്നാണ് പറയുന്നത്. തന്മൂലം വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയും. രക്തയോട്ടം കുറഞ്ഞാൽ ശരീരത്തിലെ മാലിന്യങ്ങളെ വൃക്കകൾക്ക് നീക്കംചെയ്യാൻ സാധിക്കാതെയാകും. കൂടാതെ വൃക്കകൾക്ക് ആവശ്യത്തിനുള്ള പോഷണവും ഓക്സിജനും കിട്ടാതെ പോകും. ഇത് മറികടക്കാൻ ശരീരം ശ്രമിക്കുമ്പോൾ രക്തസമ്മർദം കൂടും. 30 വയസ്സിനുമുൻപോ 50 വയസ്സിനുശേഷമോ രക്തസമ്മർദം ആദ്യമായി കൂടുമ്പോൾ ഈ അവസ്ഥ ഉണ്ടോ എന്ന് നോക്കണം.

ഡോപ്ലർ അൾട്രാസൗണ്ട് സ്കാൻ അല്ലെങ്കിൽ ആൻജിയോഗ്രാം ചെയ്താൽ ഇത് കണ്ടുപിടിക്കാം. മരുന്നുകഴിച്ച് ഉയർന്ന രക്തസമ്മർദം കുറയ്ക്കണം. മരുന്നുകൊണ്ട് കുറഞ്ഞില്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവരും. വൃക്കകളിലേക്കുള്ള രക്തയോട്ടം കൂടുകയും ഉയർന്ന രക്തസമ്മർദം കുറയുകയും ചെയ്തില്ലെങ്കിൽ കാലക്രമേണ വൃക്കസ്തംഭനം സംഭവിക്കാം.

ഇതുകൂടാതെ പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, മൂത്രാശയത്തിലോ മൂത്രനാളിയിലോ ഉണ്ടാകുന്ന തടസ്സം (Urinary Tract Obstruction), വൃക്കയിലെ ചിലതരം കാൻസർ, ലിഡ്ഡിൽ സിൻഡ്രോം (Liddle Syndrome), അക്യൂട്ട് ഗ്ലോമറുലോനെഫ്രൈറ്റിസ് (Acute Glomerulonephritis) തുടങ്ങിയ വൃക്കരോഗങ്ങൾകൊണ്ടും ഉയർന്ന രക്തസമ്മർദം ഉണ്ടാകാം.

പോളിസിസ്റ്റിക് കിഡ്നി ഡിസീസ്

പാരമ്പര്യമായി ഉണ്ടാകുന്ന അസുഖമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്. വൃക്കകളിൽ കുമിളകൾ ഉണ്ടാവുകയും കാലക്രമേണ അവ വലുപ്പം വയ്ക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളിൽ ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെങ്കിലും കുമിളകൾ വളരെ വലുതായാൽ വൃക്കസ്തംഭനം സംഭവിക്കാം. ഈ അസുഖം കാരണം രക്തസമ്മർദം കൂടുകയും അത് നിയന്ത്രണാതീതമായാൽ വൃക്കസ്തംഭനം മൂർച്ഛിക്കുകയും ചെയ്യും. അൾട്രാസൗണ്ട് സ്കാൻ, സി.ടി. സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ. സ്കാൻ ചെയ്താൽ രോഗം നിർണയിക്കാം. എം.ആർ.ഐ. സ്കാൻ ആണ് ഏറ്റവും കൃത്യമായ വിവരം നൽകുന്നത്. ഈ അസുഖം ഉണ്ടെങ്കിൽ വൃക്കരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം. ഉയർന്ന രക്തസമ്മർദം കൃത്യമായി നിയന്ത്രിക്കണം. പാരമ്പര്യമായി ഉണ്ടാകുന്ന രോഗമായതിനാൽ കുടുംബാംഗങ്ങൾക്ക് ഇതുണ്ടോ എന്നും നിർണയിക്കണം.

മൂത്രതടസ്സം അപകടം

മൂത്രാശയത്തിലോ മൂത്രനാളിയിലോ തടസ്സമുണ്ടെങ്കിൽ ആ തടസ്സം എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. ഇല്ലെങ്കിൽ മൂത്രം കെട്ടിക്കിടക്കുകയും വൃക്കസ്തംഭനം സംഭവിക്കുകയും ചെയ്യാം. ഈ അവസ്ഥയും രക്തസമ്മർദം കൂടാൻ ഇടവരുത്തും.

വൃക്കകളുടെ അരിപ്പകളിൽ (ഗ്ലോമറുലസ് -glomerulus) ഉണ്ടാകുന്ന അസുഖമാണ് അക്യൂട്ട് ഗ്ലോമറുലോനെഫ്രൈറ്റിസ്. ശരീരത്തിന്റെ ഏതുഭാഗത്തും അണുബാധ ഉണ്ടായാൽ അത് വൃക്കകളെ ബാധിക്കാൻ സാധ്യതയുണ്ട്. മൂത്രത്തിൽ രക്തവും പ്രോട്ടീനും നഷ്ടപ്പെടും. മൂത്രത്തിന്റെ അളവ് കുറയുകയും ശരീരത്തിൽ നീര് ഉണ്ടാവുകയും ചെയ്യും. രക്തസമ്മർദം കൂടും. ആദ്യഘട്ടത്തിൽതന്നെ ചികിത്സിച്ചാൽ ഇത് പൂർണമായും മാറുന്ന ഒരു അസുഖമാണ്. വൈകിപ്പോയാലോ, സ്ഥായിയായ വൃക്കസ്തംഭനം സംഭവിക്കാം.

Mathrubhumi Malayalam News
Representative Image| Photo: GettyImages

ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന അസുഖങ്ങൾ, ഉദാ: സിസ്റ്റമിക് ലൂപസ് ഏറിതേമറ്റോസിസ് (Systemic Lupus Erythematosus SLE), സിസ്റ്റമിക് സ്ക്ലെറോസിസ് (Systemic sclerosis), വസ്ക്യൂലൈറ്റിസ് (Vasculitis) തുടങ്ങിയവ വൃക്കകളെയും ബാധിക്കാം. ഇതുകാരണം രക്തസമ്മർദം കൂടാൻ സാധ്യതയുണ്ട്. കാരണം ഏതായാലും അത് കണ്ടുപിടിച്ച് ചികിത്സിക്കണം. അല്ലെങ്കിൽ രക്തസമ്മർദം കൂടി കാലക്രമേണ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകും.

എങ്ങനെ പ്രതിരോധിക്കാം?

18 വയസ്സിനുമുകളിലുള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും ബി.പി. പരിശോധിക്കണം. ബി.പി. കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ടിട്ട് ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനയും തുടർചികിത്സയും നടത്തണം. വൃക്കകൾ ഒരിക്കൽ പ്രവർത്തനരഹിതമായാൽ പിന്നീട് രക്തസമ്മർദം നിയന്ത്രണത്തിൽ വരാൻ സാധ്യത വളരെ കുറവാണ്. മാത്രവുമല്ല തുടർച്ചയായി രക്തസമ്മർദം ഉയർന്നുനിന്നാൽ വൃക്കരോഗം മൂർച്ഛിക്കാനും പൂർണ വൃക്കസ്തംഭനം സംഭവിക്കാനും സാധ്യതയുണ്ട്. ആ അവസ്ഥയിൽ ഡയാലിസിസ് (Dialysis) അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (Kidney Transplantation) മാത്രമേ പോംവഴിയുള്ളൂ. അതുകൊണ്ട് രക്തസമ്മർദം ഉണ്ടോ എന്ന് പരിശോധിച്ച്, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് ചികിത്സിച്ച് നിയന്ത്രിക്കാൻ ശ്രമിക്കണം

രക്തസമ്മർദം നിയന്ത്രിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് പതിവായുള്ള വ്യായാമം. നടത്തംപോലെ സാധാരണ വ്യായാമം ആഴ്ചയിൽ 150 മിനിറ്റ് വളരെ നല്ലതാണ്. വ്യായാമത്തിലൂടെ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. പക്ഷേ, വ്യായാമം നിർത്തിയാൽ രക്തസമ്മർദം വീണ്ടും കൂടും. ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക. ഒരു ദിവസം ഒരാൾക്ക് ശരാശരി ഒരു ടീസ്പൂൺ (5 ഗ്രാം) ഉപ്പ് മതി. ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളും കൂട്ടുകയും കൊഴുപ്പുള്ള പദാർഥങ്ങൾ കുറയ്ക്കുകയും വേണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക. ഇതിനാൽ ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറയ്ക്കാം.

അമിതഭാരമുണ്ടെങ്കിൽ രക്തസമ്മർദം കൂടാൻ സാധ്യതയുണ്ട്. ഇവർ ഉറങ്ങുമ്പോൾ ശ്വാസതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. അതും രക്തസമ്മർദം കൂട്ടാൻ കാരണമാകും. അതുകൊണ്ട് അമിതഭാരമുള്ളവർ അത് കുറയ്ക്കാനുള്ള മാർഗങ്ങൾ തേടുക. പഞ്ചസാരയും സംസ്കരിച്ച അന്നജവും (refined carbohydrates) കുറയ്ക്കുക. മനസ്സംഘർഷം കുറയ്ക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുക. സ്ഥിരമായി ഒരു ഡോക്ടറെത്തന്നെ കാണാൻ ശ്രമിക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ തനിയെ ബി.പി.യുടെ മരുന്ന് കൂട്ടുകയോ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യരുത്.

പലപ്പോഴും അശ്രദ്ധയാണ് രക്തസമ്മർദം കൂടാൻ കാരണം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് മുൻപോട്ടുപോയാൽ മാത്രമേ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാൻ സാധിക്കൂ.

(സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍