വാക്സിനെടുത്ത ശേഷം പനിയും ഛർദ്ദിയും; വിദ്യാർഥിനി മരിച്ചു
വാക്സിനെടുത്ത ശേഷം കടുത്ത പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല...
കാസര്‍കോട്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരിച്ചത്. അതിന് ശേഷം കടുത്ത പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. കൂടാതെ പ്ലേറ്റ്ലെറ്റ് കൌണ്ട താഴ്ന്ന നിലയിലുമായിരുന്നു. ഇതാകാം രക്തസ്രാവത്തിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ രഞ്ജിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാക്സിനെടുത്തതാകാം മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. അധികൃതർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. രഞ്ജിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍