കോവിഡ് നിയന്ത്രണം : മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്തി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍,പൊതുജനാരോഗ്യ രംഗത്തുള്ള വിദഗ്ധര്‍,ദുരന്ത നിവാരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഇന്ന് വൈകുന്നേരം ഓണ്‍ലൈനായാണ് യോഗം ചേരുക.കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. പ്രദേശിക ലോക്ക് ഡൗണ്‍ ഒഴിവാക്കി ജില്ല തലത്തില്‍ കോവിഡ് വ്യാപനം പരിശോധിച്ച് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്യും. അതേസമയം സംസഥാന മന്ത്രി സഭ യോഗവും ഇന്ന് ചേരും.
കോവിഡ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്ന് ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്ന് ജില്ലകളിലും ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂര്‍ത്തീകരിച്ചത്. വാക്‌സിനേഷന്‍ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം. സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നു വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വറന്റീന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നിലവില്‍ ഡബ്യു ഐ പി ആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ സമ്പൂർണ ലോക്ക്ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡുതല ലോക്ഡൗണാകും ഏര്‍പ്പെടുത്തുക. അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന നിർദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധരാകുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണെന്നും അറിയിച്ചു.
നിലവില്‍ 8 ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തിന്‍റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐ സി യു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും ഏണ്ണം വർധിപ്പിച്ചു. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍