ദിവസങ്ങൾ കൊണ്ട് കോടീശ്വരനാകം, ചേരാൻ ഭാഗ്യം വേണം:പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി


കാര്യമായി ജോലിയൊന്നുമില്ലാത്തൊരാൾ ഒരു സുപ്രഭാതത്തിൽ വലിയ ബിസിനസുകരാനായി മാറുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നതിന്റേയും ആഡംബര കാറുകൾക്കൊപ്പം നിൽക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും നിരന്തരം വാട്സാപ്പ് സ്റ്റാറ്റസുകളായി വരുന്നു. വസ്ത്രധാരണത്തിലെല്ലാം മാറ്റം വരുന്നു മലയാളിയെ ആകർഷിക്കാനും കൊതിപ്പിക്കാനും ഇതെല്ലാം ധാരാളം. എന്താ പരിപാടിയെന്ന് ചോദിച്ചാൽ താൻ ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് മാസത്തിൽ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കെല്ലാം വിശദീകരിക്കും. തനിക്ക് ലഭിച്ച സൗഭാഗ്യത്തിലേക്ക് ചോദിക്കുന്നവനെ കൂടി പങ്കാളിയാക്കുന്നതോടെ അടുത്ത ആളിലേക്ക്. സംസ്ഥാനത്ത് ഒരു കാലത്ത് വ്യാപകമായി കോടികൾ കൊയ്ത ശേഷം കളംവിട്ട മണി ചെയിൻ തട്ടിപ്പാണ് പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോൾ അരങ്ങ് തകർത്തുകൊണ്ടിരിക്കുന്നത്.

മൾട്ടിലെവൽ മാർക്കറ്റിങ്, ഇ-കൊമേഴ്സ് എന്നിങ്ങനെയുള്ള ബിസിനസുകളാണെന്ന് പറഞ്ഞ് ഇതിനോടകം പതിനായിരക്കണക്കിന് കോടികളാണ് വിവിധയിടങ്ങളിലായി പല കമ്പനികളുടേയും പേരിൽ സമാഹരിച്ചിട്ടുള്ളത്. ക്യൂനെറ്റ്, മോറിസ് കോയിൻ, ബിറ്റ് കോയിൻ എന്നിവയെല്ലാം മണി ചെയിൻ തട്ടിപ്പിന്റെ വകഭേദങ്ങളാണ്.

മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നൊക്കെയാണ് പറഞ്ഞ് വിശ്വസിപ്പിക്കുക.

ദിവസങ്ങൾക്കൊണ്ട് മെയ്യനങ്ങാതെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന ധാരണയിൽ ഇതിൽ കുടുങ്ങിയ പലരുടേയും പക്കൽ പണം കൈമാറിയതിന്റെ യാതൊരു രേഖകളുമില്ല. തങ്ങൾ ചേർന്നിരിക്കുന്ന സ്ഥാപനത്തിനും കമ്പനിക്കും അംഗീകാരമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാതെ നിരവധി പേർ തട്ടിപ്പിനിരയാകുകയാണ്. അറിവില്ലായ്മ കൊണ്ട് തട്ടിപ്പിനിരയാകുന്നതിനാൽ കേസ് കൊടുക്കാനും ആളുകൾ മടിക്കുന്നു. ഇത് മുതലാക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ.

ഞാനൊരു പുതിയ ബിസിനസ് തുടങ്ങിയെന്നും ഇനി ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടതില്ല എന്നും എന്റെ കമ്പനിയിൽ ചേർന്നാൽ വലിയ പണക്കാരൻ ആവാം എന്നൊക്കെ പറഞ്ഞാണ് ആകർഷിക്കുന്നതെന്നാണ് ഇരയായവർ പറയുന്നത്. പണം നിക്ഷേപിച്ചാൽ മാത്രം ബിസിനസ് രീതികൾ പറഞ്ഞു നൽകും. ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് ആകർഷകമായ ടൂർ പാക്കേജുകൾ അടക്കം ലഭിക്കുമെന്നും പറയും. ഇത്തരത്തിൽ പണമിടുന്നതോടെ ഇവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും. പിന്നീട് നേരിട്ട് മീറ്റിങ്ങിന് വിളിക്കും. ഇവിടെ എത്തുമ്പോഴാണ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിനെ കുറിച്ച് വിവരിക്കുക.

മൾട്ടിലെവൽ മാർക്കറ്റിങ്ങിന് പുറമെ ബിറ്റ്കോയിൻ, മോറിസ് കോയിൻ എന്നീ പേരുകളിലും മലയാളികളുടെ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് ഇതിലൂടെ കോടികൾ കൊയ്തത്. തുടക്കാർക്ക് ആകർഷകമായ വരുമാനം ലഭ്യമാക്കുകയും ഇതിലൂടെ ആയിരക്കണക്കിന് പേരെ കണ്ണികളാക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് വരുമാനമെത്തിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന വെബ്സൈറ്റ് ഒരുവേള അപ്രത്യക്ഷമായതോടെ മൂക്കത്ത് വിരൽവെക്കുക മാത്രമായിരുന്നു നിക്ഷേപകർക്ക് ചെയ്യാനുണ്ടായിരുന്നത്.

കോവിഡിൽ ബിസിനസുകൾ തകരുകയും ജോലി നഷ്ടമാകുകയും ചെയ്തവരുടെ പ്രതിസന്ധി മുതലെടുത്താണ് സമീപകാലത്ത് ഇത്തരം തട്ടിപ്പുകൾ കൂടുതൽ വ്യാപിച്ചത്. പ്രവാസികളേയും നാട്ടിലുള്ളവരേയും ഒരു പോലെ വലയിലാക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. സ്വർണ്ണാഭരണങ്ങൾ വിറ്റും വീടിന്റെ ആധാരം പണയംവെച്ചുമാണ് ഭൂരിപക്ഷം പേരും നിക്ഷേപം നടത്തിയിരിക്കുന്നത്.

ക്യൂ വല

മൾട്ടിലെവൽ മാർക്കറ്റിങ് കച്ചവടത്തിലൂടെ പണംതട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞ ദിവസം രണ്ടുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. നടുവട്ടം സ്വദേശി പരപ്പിൽ അബ്ദുൾജലാലിന്റെ പരാതിയിൽ തിരൂർ വെട്ടം പരിയാപുരം സ്വദേശികളായ പാലക്കവളപ്പിൽ മുഹമ്മദ് റിഷാദ്, ഇടിവെട്ടിയകത്ത് മുഹമ്മദ് സജീഷ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ക്യുനെറ്റ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഫ്രാൈഞ്ചൈസി എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് പ്രതികൾ 4.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അബ്ദുൾജലാലിന്റെ പരാതി. ഇത്തരത്തിൽ ചില കോണുകളിൽ നിന്ന് പരാതികളും വാർത്തകളും വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇരകളായവരുടെ ചില കൂട്ടായ്മകളും രൂപപ്പെട്ടിട്ടുണ്ട്.

കെണിയിലേക്കുള്ള വഴി

മണി ചെയിനാണെന്ന് ഇതിൽ കണ്ണി ചേർന്നിട്ടുള്ള ഒരാളും ഒരിക്കലും സമ്മതിച്ചുതരില്ല. മൾട്ടിലെവൽ മാർക്കറ്റിങ്ങാണെന്നും സാധനങ്ങൾ വിൽക്കുന്നതിലൂടെയാണ് വരുമാനമെന്നുമാണ് പറയുക. ചില ഉത്പന്നങ്ങളൊക്കെ പരിചയപ്പെടുത്തും. ഈ ഉത്പന്നങ്ങൾ ആരാണ് വാങ്ങുക എന്നതിനൊന്നും ആർക്കും ഉത്തരമില്ല. എങ്ങനെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നതെന്ന് അനുഭവസ്ഥരായ ആളുകൾ പറയുന്നത് ഇപ്രകാരമാണ്.

ഒരു സുപ്രഭാതത്തിൽ ഒരു സുഹ്യത്ത് കുശലന്വേഷണങ്ങൾ അറിയുവാൻ വിളിക്കുന്നു. സംഭാഷണത്തിന്റെ ഇടയിൽ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചോദിച്ചറിയുന്നു. തിരിച്ചങ്ങോട്ടുള്ള ഇതേ ചോദ്യത്തിന് തന്റെ മുൻകാല അവസ്ഥയിൽ നിന്ന് തനിക്ക് വലിയ മാറ്റംവന്നതായി പറയും. എങ്ങനെയാണെന്ന് ചോദിക്കുകയാണെങ്കിൽ താൻ ഒരു ബിസിനസ് തുടങ്ങിയിട്ടുണ്ടെന്ന് പറയും. ഇതാണ് ആദ്യ ഘട്ടം.

പിന്നീട് തന്റെ ബിസിനസിനെ കുറിച്ച് വിവരിക്കും. ആമസോൺ, ഫ്ളിപ്കാർട്ട് പോലെ മലേഷ്യ അല്ലെങ്കിൽ ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാനപത്തിന്റെ ഭാഗമാണെന്ന് പറയും. 5 ഷോപ്പ്, 6 ഷോപ്പ് , 7 ഷോപ്പ് , 10 ഷോപ്പ് എന്നിങ്ങനെയുള്ള ഡീലർഷിപ്പുകളും ഫ്രാഞ്ചൈസികളും നമ്മൾ കൊടുക്കുന്ന പണത്തിനനസരിച്ച് എടുക്കാം. വാച്ച്, വാട്ടർ പ്യൂരിഫെയർ തുടങ്ങിയ ഉത്പന്നങ്ങളാണ് വിൽക്കുന്നതെന്നാണ് അവകാശപ്പെടുക. ഉത്പന്നങ്ങൾക്കൊപ്പം റെന്റ് എ കാർ, ടൂർ പാക്കേജ് തുടങ്ങിയ സർവീസുകളും കമ്പനി നടത്തുന്നുണ്ടെന്നും പറയും. സാധനങ്ങൾ വിൽക്കുന്നതിനനുസരിച്ചായിരിക്കും വരുമാനമെന്നാണ് പറയുക. 10 ശതമാനം വരെ കമ്മീഷൻ എന്നാണ് അവകാശപ്പെടുന്നത്. ഉദാഹരണത്തിന് 100 കോടിയുടെ കച്ചവടം ഉണ്ടാക്കിയാൽ പത്ത് കോടി വരെ കമ്മീഷൻ ലഭിക്കും.

ഇതെല്ലാം കേട്ട് അന്തംവിട്ടു നിൽക്കുന്ന വ്യക്തിക്ക് മുന്നിലേക്ക് മൂന്നാം ഘട്ടം അവതരിപ്പിക്കും. സ്വാഭാവികമായും തനിക്കും ഇതുപോലെ എന്തെങ്കിലും ചെയ്യാനാകുമോ എന്നാകും കേട്ടിരിക്കുന്ന വ്യക്തിയുടെ ചോദ്യം. അവിടെയാണ് ബിസിനസിന്റെ ഡിമാൻഡ് വിവരിക്കുക. തനിക്ക് തന്നെ എങ്ങനെയെക്കയോ ലഭിച്ച അവസരമാണിത്. ഭാഗ്യം വേണം, വളരെ ചുരുക്കം പേർക്കെ ഇങ്ങനെ അവസരം ലഭിക്കൂ എന്നൊക്കെയാകും തട്ടിവിടുക. ഒരു ഇന്റർവ്യൂ ഉണ്ട്, അതിൽ വിജയിക്കണമെന്നാണ് പറയുക. വലിയ പ്രയാസകരമായ ആ ഇന്റർവ്യൂവിൽ വിജയിക്കാനായാൽ രക്ഷപ്പെട്ടെന്നും തള്ളും.

ഒന്നുരണ്ട് ദിവസത്തിന് ശേഷം അടുത്ത ഫോൺകോൾ വരും. നമ്മൾ പറഞ്ഞ ബിസിനസിലേക്ക് ഇപ്പോൾ അത്യാവശ്യമായി ഒരാളെ ആവശ്യമുണ്ടെന്ന് തന്റെ സീനിയർ പാർടണർ അല്ലെങ്കിൽ ബോസ് പറഞ്ഞിട്ടുണ്ടെന്നും വേണമെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താനും ആവശ്യപ്പെടും. ഒപ്പം ഒരു ഐഡന്റിറ്റി കാർഡും ചോദിക്കും.

അടുത്ത ഘട്ടം ഇന്റർവ്യൂ ആണ്. ഏതെങ്കിലും ഹോട്ടലുകളിലോ മറ്റോ ആകും ഇന്റർവ്യൂ. കോവിഡ് ആയതിനാൽ സൂം മീറ്റിങ് വഴിയാണ് നടത്തിവരുന്നത്. വളരെ സ്മാർട്ടായി ഡ്രസ് ചെയ്ത് എത്താനാണ് ആവശ്യപ്പെടുക. വേണ്ട നിർദേശങ്ങളെല്ലാം നൽകും. തിരിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം വിലക്കാണ്. സീനിയർ പാർട്ണർ വളരെ തിരിക്ക് പിടിച്ച ആളാണെന്നൊക്കെയാണ് തട്ടിവിടാറുള്ളത്.

അടുത്ത ദിവസം അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സുഹൃത്തിന്റെ ഫോൺ വിളിയെത്തും. അഭിനന്ദനങ്ങൾ, നിങ്ങളുടെ ഭാഗ്യം, ഇന്റർവ്യൂ ജയിച്ചിരിക്കുന്നു. സീനിയർ പാർട്ണർ ബിസിനസിൽ ചേരാൻ അംഗീകാരം നൽകിയിരിക്കുന്നു എന്ന് അറിയിക്കും. ധാരാളം ആളുകൾ പങ്കെടുത്ത അഭിമുഖത്തിൽ ദൈവത്തിന്റെ അനുഗ്രഹത്താൽ നിനക്കും വേറെ ചുരുക്കം ചിലയാളുകൾക്കും മാത്രമേ അപ്രൂവൽ കിട്ടിയിട്ടുള്ളൂ എന്നും അറിയിക്കുന്നതോടെ കെണിയിൽ ഏതാണ്ട് അകപ്പെട്ടു.

നമ്മുടെ കമ്പനി മണിചെയിനല്ല. അങ്ങനെയൊക്കെ പലരും പറയും ഡിജിറ്റൽ മാർക്കറ്റിംഗ് ആണെന്നും ഡയറക്ട് സെല്ലിങ് ആണെന്നും ഉറച്ച് വാദിക്കാൻ വേണ്ട ട്രെയിനിങ്ങൊക്കെ ആദ്യം തന്നെ നൽകും. പണം തന്നതിന് ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാൽ മതിയെന്നാകും ലഭിക്കുന്ന നിർദേശം. പണം കൈമാറിയപ്പോൾ വക്കീൽ മുഖേന എഗ്രിമെന്റ് എഴുതിയിട്ടുണ്ടെന്നൊക്കെയാണ് ഇരയായവർ അവകാശപ്പെടുന്നത്. എന്നാൽ ഇവർ കൊടുത്ത പണത്തിന്റെ കണക്കൊ മറ്റു കാര്യങ്ങളോ ഇതിലുണ്ടാകില്ലെന്നാണ് വസ്തുത. കമ്പനിയുടെ ഉത്പന്നങ്ങൾ വൻ വിലക്കൊടുത്ത് വാങ്ങിയതിന്റെ തെളിവിനപ്പുറത്തേക്ക് യാതൊരു നിയമസാധുതയുമില്ലാത്ത സത്യവാങ്മൂലമാണ് ഇവർ എഗ്രിമെന്റെന്ന് പറഞ്ഞ് നൽകുന്നത്.

മോട്ടിവേഷൻ ക്ലാസുകളും പുതിയ കണ്ണികളും

കെണിയിൽ അകപ്പെട്ട് കഴിഞ്ഞാൽ പിന്നീട് നിരന്തരം ട്രെയിനിങ് ക്ലാസുകളാണ്. ജീവിതത്തിൽ വിജയം നേടിയ ആളുകളുടെ അനുഭവങ്ങളും അതിലേക്കുള്ള വഴികളുമായി മോട്ടിവേഷൻ ക്ലാസുകൾ പൊടിപൊടിക്കും. ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവരുടെ പട്ടികയും തയ്യാറാക്കണം. അതിൽ വീഴ്ത്താൻ പറ്റുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെയുള്ള പരിശീലനവും ഇതിലൂടെ ലഭിക്കും. ആദ്യ പടിയായി വീട്ടുകാരെ ചേർത്ത് തുടങ്ങണം. പിന്നീടാകും ലിസ്റ്റിലുള്ള മറ്റുവരെ സമീപിക്കേണ്ടത്.

ടൂർ പാക്കേജുകളും വാടാസാപ്പ് സ്റ്റാറ്റസുകളും

ഈ ബിസിനസ് പൂർണ്ണമായും ഹലാലാണെന്ന് ധരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടക്കം മുതലേ ഉണ്ടാകും. ആളുകളെ ബിസിനസിലേക്ക് വശീകരിക്കുന്നതിനിടയിൽ ഇടയ്ക്കിടെ ദൈവത്തിനെ സ്തുതിക്കുകുയം മറ്റും ചെയ്യും. മോട്ടിവേഷൻ ക്ലാസുകളിൽ മതപരമായ ചില കാര്യങ്ങളും ഉൾക്കൊള്ളിക്കും.

മോറിസ് കോയിൻ

ആയിരകണക്കിന് പേരിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം മോറിസ് കോയിൻ കമ്പനി എംഡി മലപ്പുറം പൂക്കോട്ടുപാടം സ്വദേശി നിഷാദ് ഇപ്പോഴും ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് പണം നഷ്ടമായവരെ സംഘടിപ്പിച്ചതിന്റെ പേരിൽ യുവാവിനെ വീട്ടിൽ കയറി മൂന്നംഗ സംഘം മർദിച്ചത്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ അനധികൃത നിക്ഷേപം സമാഹരിച്ച നിഷാദ് കളിയടുക്കലിന്റെ പേരിലുള്ള രണ്ട് സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനില്ലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ 1300 ഓളം കോടി രൂപയാണ് എത്തിയതെന്നും പോലീസ് പറയുന്നു.

ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതിന് പിന്നിൽ മോറിസ് കോയിൻ നിക്ഷേപത്തിലെ തകർച്ചയാണെന്നാണ് രണ്ടാഴ്ച മുമ്പുള്ള ഒരു കൊലപാതക കേസിൽ അറസ്റ്റിലായ മമ്പാട് സ്കൂളിലെ ഐടി ഗസ്റ്റ് അധ്യാപകനായ നിഷാദ് അലിയുടെ മൊഴി. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകം നടത്തി കവർച്ച നടത്താൻ പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകി.

മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ടി. ഗസ്റ്റ് അധ്യാപകനായ നിഷാദ് മോറിസ് കോയിൻ ക്രിപ്റ്റോകറൻസി ഇടപാടിൽ സജീവമായതാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അധ്യാപക ജോലിക്കൊപ്പം മലപ്പുറം കേന്ദ്രീകരിച്ച് നടന്ന മോറിസ് കോയിൻ ഇടപാടുകളിലും ഇയാൾ പണം നിക്ഷേപിച്ചിരുന്നു. പിന്നീട് നാട്ടുകാരിൽനിന്ന് പണം സമാഹരിച്ചും നിക്ഷേപം നടത്തി. ബന്ധുവിന്റെ സിമന്റ് വ്യാപാരത്തിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് ചിലരിൽനിന്നെല്ലാം പണം വാങ്ങിയത്. പക്ഷേ, എല്ലാതുകയും മോറിസ് കോയിൻ ക്രിപ്റ്റോകറൻസിക്കായി നിക്ഷേപിക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍