ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്; ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ്
തിരുവനന്തപുരം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന‍്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ് പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും രജിസ്റ്റർ ചെയ്തു.
2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.
മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍