നിരീശ്വരവാദത്തിനെതിരെയുള്ള ക്യാമ്പെയിൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയല്ല: വിശദീകരണവുമായി സമസ്ത നേതാവ്


കോഴിക്കോട്:നിരീശ്വരവാദത്തിനെതിരെയുള്ള സമസ്ത ക്യാമ്പെയിൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയല്ലെന്ന് സമസ്ത നേതാവും കാംപെയിന്‍ കമ്മിറ്റി കണ്‍വീനറുമായ നാസര്‍ ഫൈസി കൂടത്തായി. സമസ്ത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു വിലക്കുമില്ല. കേരളത്തില്‍ സി.പി.എം നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സമസ്തയുടെ പിന്തുണയുണ്ടെന്നും നാസര്‍ ഫൈസി ന്യൂസ് 18 നോടു പറഞ്ഞു.

ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പേരില്‍ സമസ്ത സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പെയിൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായ 'വിശ്വാസം ആശ്വാസം' എന്ന വിഷയത്തില്‍ പ്രാസംഗികര്‍ക്ക് നല്‍കിയ കുറിപ്പില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. സമസ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പെയിൻ തുടങ്ങിയെന്ന് പ്രചാരണമുണ്ടായി. ഇത് നിഷേധിക്കുകയാണ് കമ്മിറ്റി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയല്ല സമസ്ത ക്യാമ്പെയിൻ. അത് നിരീശ്വരവാദത്തിനും ഭൗതികവാദത്തിനുമെതിരെയാണ്. സമസ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നത് തെറ്റായ വാര്‍ത്തയാണ്. കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമസ്ത ഒപ്പം നിന്നിട്ടുണ്ട്. പൗരത്വ ഭേതഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലെല്ലാം ഇത് കണ്ടതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു പ്രചാരണം അടിസ്ഥാനരഹിതമാണ്.

ആത്മീയം, അവകാശ സംരക്ഷണം, ചരിത്രാവബോധം, വിശ്വാസം എന്നീ വിഷയങ്ങളിലാണ് ക്യാമ്പെയിൻ നടക്കുന്നത്. ഇതില്‍ വിശ്വാസ വിഷയത്തില്‍ പ്രഭാഷകര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്മ്യൂണിസവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും ചെറുതായി പരാമര്‍ശിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആശയവും മതങ്ങളും തമ്മില്‍ ഇത്തരമൊരു ആശയ സംവാദം കാലങ്ങളായി നടക്കുന്നതാണ്. നിരീശ്വര വാദവുമായി ബന്ധപ്പെട്ടാണത്. അത് കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ക്യാമ്പെയിനായി തെറ്റിദ്ധരിക്കേണ്ടതില്ല.

കമ്മ്യൂണിസവുമായി സഹകരിക്കേണ്ടിടത്ത് സഹകരിക്കാനും നിസ്സഹകരിക്കേണ്ടിടത്ത് നിസ്സഹകരിക്കാനും സമസ്തയ്ക്ക് അറിയാം. സമസ്ത വിശ്വാസികള്‍ പലരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളി കമ്മിറ്റികളിലും മദ്രസ കമ്മിറ്റികളിലും ഇടതുപക്ഷക്കാരുണ്ട്. അവര്‍ക്കൊന്നും അങ്ങിനെ പ്രലര്‍ത്തിക്കുന്നതില്‍ ഒരു തടസ്സവുമില്ല. തെറ്റിദ്ധാരണയുണ്ടായവര്‍ക്ക് തിരുത്താനും കാംപെയിന്‍ അവസരമാക്കും.

സമസ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന ധാരണ മുസ്ലിം ലീഗ് മുതലെടുക്കുമോയെന്നത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. സമസ്ത അത്തരമൊരു പ്രചാരണം നടത്തുന്നില്ലെന്ന് ഇടതുപക്ഷ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സമസ്ത ക്യാമ്പെയിൻ വിവാദമായത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സര്‍ക്കാറിനുമെതിരെ മറുപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നാസര്‍ ഫൈസി വിശദീകരണവുമായി രംഗത്തെത്തിയത്. ക്യാമ്പെയിൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയാണെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സമസ്തയിലെ തന്നെ ലീഗ് അനുകൂല വിഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍