കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ പാർട്ടി വിട്ടു, സിപിഐഎമ്മിൽ ചേരും
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ കോൺഗ്രസ് വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ട് രതികുമാർ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്തയച്ചിട്ടുണ്ട്. കൊല്ലം പത്തനാപുരം മേഖലയിൽ പ്രവർത്തിച്ചിരുന്ന രതികുമാർ കോൺഗ്രസിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. നേരത്തെ രമേശ് ചെന്നിത്തലയോട് ചേർന്നു നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെ കെസി വേണുഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു. രാജിയുടെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
രാജിവെക്കുന്ന കാര്യം ഫോണിൽ അറിയിക്കാൻ രതികുമാർ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോണിൽ ലഭിക്കാതെ വന്നതോടെ ഇ-മെയിൽ വഴിയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം രതികുമാർ സിപിഐഎമ്മിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. ഇന്നു തന്നെ രതികുമാർ എകെജി സെന്ററിലെത്തി ചർച്ചകൾ നടത്തിയേക്കും. കോൺഗ്രസ് വിട്ടതുമായി ബന്ധപ്പെട്ട് വിശദീകരണങ്ങൾ നാളെ നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് രതികുമാർ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാർട്ടി വിട്ട് സിപിഐഎമ്മിലേക്ക് ചേക്കേറുമെന്ന് ഇന്നലെ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിപിഐഎമ്മിന്‍റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് കൂടുതല്‍ പേർ പാർട്ടിയിലേക്ക് എത്തുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ചോർച്ച ഗൌരവത്തിലെടുക്കാന്‍ വി.ഡി സതീശനും കെ. സുധാകരനും തയ്യാറായിട്ടില്ല. കരുണാകരന്‍ പാർട്ടി വിട്ടപ്പോഴും കുലുങ്ങാത്ത പാർട്ടിയാണ് കോണ്‍ഗ്രസെന്നായിരുന്നു നേരത്തെ സതീശന്‍ പ്രതികരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍