കൊവിഡ് പ്രോട്ടോകോളുകൾ കുട്ടികളിലെത്തുമ്പോൾ; സ്കൂൾ തുറക്കലിലെ വെല്ലുവിളികൾ
സംസ്ഥാനത്ത് നവംമ്പർ ഒന്നിന് സ്കൂളുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നടപ്പിലാക്കുമ്പോൾ ആരോഗ്യ വകുപ്പിന് മുന്നിലുള്ളത് ഒരു പിടി വെല്ലുവിളികൾ. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ സ്കൂളിലെത്തുമ്പോൾ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് പ്രധാന വെല്ലുവിളി. ചെറിയ ക്ലാസിലെ കുട്ടികൾക്ക് മാസ്ക് ധരിക്കൽ, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാനാവുമോ എന്ന ആശങ്കയുമുണ്ട്. സ്കൂൾ
അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുക, അണുവിമുക്തമായ ശുചിമുറികൾ എന്നിവയും ഒരുക്കേണ്ടതുണ്ട്. ഈ ആഴച മുതൽ ഇത് സംബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം.
എല്ലാ ക്ലാസുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമുണ്ടാകുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആശങ്ക. മുന്നൊരുക്കങ്ങളൊരുക്കുന്നതിന് സമയം ആവശ്യമായതിനാല്‍ ഘട്ടം ഘട്ടമായി ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുള്ള സൗകര്യം ലഭിക്കുമെന്നായിരുന്നു വകുപ്പിന്റെ പ്രതീക്ഷ. പ്രെെമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. എന്നാല്‍ ആരോഗ്യ വിദഗ്ദരുടെ നിർദേശ പ്രകാരം പ്രെെമറി ക്ലാസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്മാറില്ലെന്നാണ് സൂചന. നിലവിലുള്ള ആശയക്കുഴപ്പം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിനുശേഷം ഇന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കും.
സംസ്ഥാനത്ത് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍