വൈറസ് വ്യാപനം കുറയുന്നു; കേരളത്തിലും മഹാരാഷ്ട്രയിലും ഏറ്റവും കുറവ്


ന്യൂഡൽഹി• കോവിഡ് വൈറസ് ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നു സൂചിപ്പിക്കുന്ന ആർ വാല്യു (റീപ്രൊഡക്‌ഷൻ നമ്പർ) രാജ്യത്ത് ഒന്നിനു താഴെയെത്തിയെന്നു വിദഗ്ധർ വെളിപ്പെടുത്തി. ഓഗസ്റ്റ് അവസാനം 1.17 ആയിരുന്നത് സെപ്റ്റംബർ 4 – 7 സമയത്ത് 1.11 ആയി. സെപ്റ്റംബർ പകുതിയോടെ 0.92 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആർ വാല്യു ഒന്നിനു താഴെയായി.

വാല്യു ഒന്നിനു മുകളിലാകുന്നതു പകർച്ചവ്യാധി വ്യാപിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആർ വാല്യു കുറയുന്നത് ശുഭവാർത്തയാണെന്നു ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ സിതഭ്ര സിൻഹ പറഞ്ഞു. മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ആർ വാല്യു ഇപ്പോഴും ഒന്നിനു മുകളിലാണ്.

രാജ്യത്ത് കോവിഡ് സജീവ കേസുകളും 3.09 ലക്ഷമായി കുറഞ്ഞു. 184 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,115 പുതിയ കേസുകളാണ്. മരണം 252. ഇതിൽ 92 എണ്ണം കേരളത്തിൽ നിന്നാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍