'20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ്, ജനകീയ ഹോട്ടലുകളെ തകര്‍ക്കാന്‍ വ്യാജപ്രചരണം, അനുവദിക്കരുത്'; പ്രതിഷേധം


വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തില്‍ ആരംഭിച്ച 20 രൂപക്ക് ഊണ് സംരംഭങ്ങള്‍ക്കെതിരായ വ്യാജവാര്‍ത്തകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. എംഎല്‍എമാരായ പിവി ശ്രീനിജിന്‍, ജി സ്റ്റീഫന്‍ അടക്കമുള്ളവരാണ് മാധ്യമവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജനകീയ ഹോട്ടലുകള്‍ക്കെതിരെയുള്ള വ്യാജ വാര്‍ത്തകളും ദുഷ്പ്രചരണങ്ങളും അതൊരു ഉപജീവന മാര്‍ഗമായി കൂടി കരുതുന്ന ആളുകളുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അത്തരം പ്രചരണം അരുത്, അനുവദിക്കരുതെന്നും ശ്രീനിജിന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ജനകീയ ഹോട്ടലിലെ ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീനിജിന്റെ മറുപടി. 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ്. അത് ഉണ്ടാക്കുന്നവരുടെ സ്‌നേഹം കൂടിയാകുമ്പോള്‍ ഏറ്റവും തൃപ്തികരമായ ഭക്ഷണമെന്നും ഹോട്ടലില്‍ നിന്ന് ലഭിക്കുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

ജി സ്റ്റീഫന്‍ പറഞ്ഞത് ഇങ്ങനെ: ''ഭക്ഷണത്തിന്റെ വില ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അറിയേണ്ടി വന്നിട്ടുള്ള ഒരാളായത് കൊണ്ടാകും ഇന്നും ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് നിബന്ധനകളോ, നിര്‍ബന്ധങ്ങളോ ഒന്നുമില്ല, ഏത് ഭക്ഷണം കിട്ടിയാലും ആസ്വദിച്ച് കഴിക്കാറുമുണ്ട്. ഇപ്പോള്‍ എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തപ്പോള്‍, യാത്രകളുടേയും പരിപാടികളുടേയും എണ്ണവും വര്‍ദ്ധിച്ചു. അത് കൊണ്ട് തന്നെ യാത്രക്കിടയില്‍ ഏതെങ്കിലും സഖാക്കളുടെ വീട്ടില്‍ നിന്നോ, കുടുംബശ്രീയുടെ ഹോട്ടലില്‍ നിന്നോ ഒക്കെ ആകും ഭക്ഷണം.അതും പലപ്പോഴും സമയം തെറ്റിയും ആകും. അങ്ങനെ വൈകുന്നതിന്റെ പേരില്‍ സഖാക്കളുടെ സ്‌നേഹബുദ്ധ്യായുള്ള ശാസനകള്‍ ഉണ്ടാകാറുണ്ടെങ്കിലും അനുസരിക്കാന്‍ പലപ്പോഴും തിരക്ക് കാരണം കഴിയാറില്ല എന്നതാണ് വാസ്തവം. ഇതിപ്പോ പറയാന്‍ കാരണം കുടുംബശ്രീ ഹോട്ടലുകള്‍ക്കെതിരെ നടക്കുന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ്. പൂവച്ചല്‍ പഞ്ചായത്തിലേയും, ആര്യനാട് പഞ്ചായത്തിലേയും കുടുംബശ്രീയുടെ ഹോട്ടലുകളില്‍ നിന്നും ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന ഭക്ഷണം ധാരാളം കഴിച്ചിട്ടുള്ളത് കൊണ്ടും ഇപ്പോഴും കഴിക്കുന്നത് കൊണ്ടും അത് പറയാതെ പോകാനാകില്ല..!
അതി സാധാരണക്കാരായ മനുഷ്യരുടെ ആശ്രയം ആണ് ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീയുടെ ഹോട്ടലുകള്‍. വിശപ്പ് രഹിത കേരളം എന്ന ആശയം ആണ് സര്‍ക്കാര്‍ ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് , നമ്മുടെ സംസ്ഥാനത്തെ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ആഗ്രഹത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെച്ച ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി. അതിന്റെ നടത്തിപ്പ് ചുമതല നിര്‍വ്വഹിക്കുന്നതോ എണ്ണത്തില്‍ ലോകത്തെ തന്നെ രണ്ടാമത്തെ സ്വയം സഹായ സഹകരണ സംഘമായ കുടുംബശ്രീയും. കേരളത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു സര്‍ക്കാര്‍ ജനകീയ ഹോട്ടല്‍ എന്ന ആശയത്തിലൂടെ നാമ മാത്രമായ തുകയ്ക്ക് രുചികരമായ ഭക്ഷണം നല്‍കുന്നതോടൊപ്പം കേരളത്തിലാകെമാനം നൂറ് കണക്കിന് സഹോദരിമാര്‍ക്ക് തൊഴിലും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക കൂടിയാണ് ചെയ്യുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴിയുള്ള ഇരുപത് രൂപയുടെ പൊതിച്ചോര്‍ വാങ്ങുന്നവരില്‍ ഇന്ന് സാധാരണക്കാര്‍ മാത്രമല്ല ഉള്ളത്, അതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ അന്നന്നത്തെ അന്നത്തിന് പണി എടുക്കുന്ന സാധാരണക്കാരുണ്ട്, ലോട്ടറി വില്‍ക്കുന്നവരുണ്ട്, സെയില്‍ ജോലി ചെയ്യുന്നവരുണ്ട്,

സമൂഹത്തിന്റെ നാനാ തുറകളിലുള്ള , നൂറും നൂറ്റമ്പതും രൂപയ്ക്ക് ഊണ് കഴിക്കാന്‍ പാങ്ങുള്ളവര്‍ മുതല്‍ ഇരുപത് രൂപയുടെ പൊതി പോലും വാങ്ങിക്കഴിക്കാന്‍ കഴിവില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കറിയാം ആ പൊതിയില്‍ വിഭവസമ്യദ്ധിയുടെ ആര്‍ഭാടങ്ങള്‍ ഉണ്ടാകില്ല എന്ന്,പക്ഷെ ആ ലഭിക്കുന്ന ഭക്ഷണത്തിന് ഒരു വീടിന്റെ രുചിയുണ്ടാകും. മുളക് കൂട്ടി മാത്രമായാലും കഴിക്കാനുള്ള രുചി. പിന്നെ ലഭിക്കുന്ന തോരനും ഒഴിച്ച് കറിയും അച്ചാറുമൊക്കെ അധികമാണവര്‍ക്ക്. അത് കൊണ്ട് തന്നെയാണ് കുടുംബശ്രീ ഹോട്ടലുകള്‍ സാധാരണക്കാരന് അത്രമേല്‍ അടുപ്പമുള്ളതായതും. ആ പൊതികളില്‍ സന്തോഷം കണ്ടെത്തുന്ന, പശി അടക്കുന്ന ആയിരക്കണക്കി്‌ന് മനുഷ്യരാണ് പിറ്റേ ദിവസവും ആ പൊതി വാങ്ങാന്‍ കുടുംബ ശ്രി ഹോട്ടലുകളുടെ മുന്നില്‍ വരിയാകുന്നത്.

വിശപ്പ് രഹിത സമൂഹമെന്ന ഇടതുപക്ഷ ആശയം പ്രാവര്‍ത്തികമാക്കുന്ന ഒരു സര്‍ക്കാരിന്റെ വെല്‍ഫയര്‍ സ്‌കീമാണ് ജനകീയ ഹോട്ടല്‍, അവിടെ ഭക്ഷണമാകുന്നതും കാത്തിരിക്കുന്ന, ആയിരക്കണക്കിന് പേരുടെ ആശ്രയമാണത്.അതിന് എതിരെ നടക്കുന്ന ഏത് പ്രചരണവും സാധാരണക്കാരന്റെ ഭക്ഷണത്തില്‍ മണ്ണ് വാരിയിടുന്നതിന് തുല്യമാണ്. അത് കൊണ്ട് തന്നെയാണ് യഥാര്‍ത്ഥ വിമര്‍ശ്ശനത്തിനപ്പുറം അതൊരു ദ്രോഹം കൂടിയായി മാറുന്നതും, കുടുംബശ്രീ ഹോട്ടലുകള്‍ നിലനില്‍ക്കേണ്ടത്, അത് സംരക്ഷിക്കപ്പെടേണ്ടത് ഭക്ഷണത്തിന്റെ വിലയറിയുന്ന ഏതൊരു മനുഷ്യരുടെയും കടമ മാത്രമല്ല, ബാധ്യത കൂടി ആകുന്നതും അത് കൊണ്ട് കൂടിയാണ്..!''

സംവിധായകന്‍ ജിയോ ബേബി അടക്കമുള്ളവരും വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, സോഷ്യല്‍മീഡിയയില്‍ പലരും ഇന്ന് സമീപത്തെ ജനകീയ ഹോട്ടലുകളില്‍ പോയി ഊണ് കഴിച്ചതിന്റെ അനുഭവങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍