ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീർ ടി.കെ അബ്​ദുല്ല അന്തരിച്ചു


ജമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീറും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ടി.കെ അബ്ദുല്ല അന്തരിച്ചു. 94 വയസായിരുന്നു. നിലവിൽ ജമാഅത്തെ ഇസ്‌ലാമി ദേശീയ കൂടിയാലോചനാ സമിതി അംഗമാണ്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്‌മാൻ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ലാണ് ജനനം. വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമാ മസ്ജിദ്, പുളിക്കൽ മദീനത്തുൽ ഉലൂം, കാസർകോട് ആലിയ അറബിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1959ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1964ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രഥമ പത്രാധിപരായി ചുമതലയേറ്റു. 1994ൽ ഇടക്കാലത്ത് പ്രസാധനം മുടങ്ങിയ പ്രബോധനം പുനരാരംഭിച്ചപ്പോൾ ചീഫ് എഡിറ്ററായി.

ഇസ്‌ലാമിക ചിന്തകൻ, വാഗ്മി എന്ന നിലയിലെല്ലാം അറിയപ്പെടുന്ന ടികെ അബ്ദുല്ല ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമണ്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്. 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീറായി. ജമാഅത്തെ ഇസ്‍ലാമിയുടെ തുടക്കം മുതൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍