പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; പോസ്റ്റിനു താഴെ പരാതികളുടെ പ്രവാഹം
പ്ലസ് വൺ അലോട്ട്മെന്റ് വിഷയത്തിൽ ആശങ്ക വേണ്ടെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതികളുടെ പ്രവാഹം. നല്ല മാർക്കുണ്ടായിട്ടും അർഹമായ സീറ്റ് ലഭിക്കുന്നില്ലെന്ന് വിവിധ രക്ഷിതാക്കൾ കമന്റ് ബോക്സിലൂടെ അറിയിച്ചു. ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റ് ലഭിക്കാത്തതിനാൽ തങ്ങളുടെ മക്കൾ നിരാശയിലാണെന്നും ഇവർ പറയുന്നു.
മികച്ച ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്തതിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് കമന്റുകളിൽ ഭൂരിഭാഗവും. അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സീറ്റും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുമ്പോഴും അത് എങ്ങനെ എന്ന് വ്യക്തമല്ല. 4,65,219 ആണ് മുഴുവൻ അപേക്ഷകരുടെ എണ്ണം.. ഇതുവരെ പ്രവേശന ലഭിച്ചതാകട്ടെ 2,69,533 പേർക്കും.. കേവലം 655 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. മികച്ച വിജയം നേടിയ വിദ്യാർഥികൾ ഉൾപ്പെടെ പട്ടികയ്ക്ക് പുറത്താണ്. ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷൻ ലഭിക്കാത്തവർ വേറെയും. എന്നാൽ സീറ്റ് ലഭിക്കില്ലെന്ന ആശങ്ക വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്.
"മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു . ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ 4,25,730 മാത്രമാണ്. ഒന്നാം അലോട്ട്മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല .
രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയുണ്ടായി .കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്.
അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്,എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണ്," വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍