'അടിയുടെ അലയൊലി തീരാതെ ഐഎന്‍എല്‍'; കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസ് ഇന്ന് കോടതിയില്‍
കോഴിക്കോട് : കാന്തപുരം എപി വിഭാഗം ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും തര്‍ക്കമൊഴിയാതെ ഐഎന്‍എല്‍. ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ഈ മാസം പത്തിനകം ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒരു കണ്‍വെന്‍ഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ ഐഎന്‍എല്ലിന് ആയിട്ടില്ല. ഇതോടെ വിഷയം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇടത് മുന്നണിയ്ക്ക് മുന്നില്‍ പ്രതിസന്ധിയാവുകയാണ്. മധ്യസ്ഥര്‍ ഇടപെട്ട് തീര്‍ത്തിട്ടും ഇരു വിഭാഗങ്ങളും വിഭാഗീയ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഇടത് മുന്നണി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാവും.
എറണാകുളത്ത് നടന്ന സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം വഹാബ് പക്ഷം പാലിച്ചില്ലെന്ന നിലപാടാണ് കാസിം ഇരിക്കൂര്‍ പക്ഷത്തെ ചൊടിപ്പിച്ചത്. കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയുടെ ഭാരവാഹിത്വമാണ് കാസിം ഇരിക്കൂര്‍ പക്ഷം ചൂണ്ടിക്കാട്ടുന്നത്. വെള്ളിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് കാസിം ഇരിക്കൂര്‍ പക്ഷത്തെ തഴഞ്ഞെന്ന ആക്ഷേപവും നിലവിലുണ്ട്. ഇതിനൊപ്പം വെള്ളിയാഴ്ച കാസറഗോഡ് ജില്ല കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരുന്നു എങ്കിലും അന്ന് എപി അബ്ദുള്‍ വഹാബ് അസൗകര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇരുവിഭാഗത്തെയും അഞ്ച് പേരെ ഉള്‍പ്പെടെയുത്തിയ സമിതിയെ ആണ് അംഗത്വ കാമ്പയിന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു തവണ മാത്രമാണ് സമിതി യോഗം ചേര്‍ന്നത്. കാസിം ഇരിക്കൂര്‍ പക്ഷം തുടങ്ങി വച്ച കാമ്പയിന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കാത്തിനാല്‍ മുന്നോട്ട് പോവാത്ത നിലയിലാണ്.
ഇതിന് പുറമെയാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് സംബന്ധിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ്. കേസ് പിന്‍വലിക്കാനാവില്ലെന്ന് ഇതിനോടകം കാസിം ഇരിക്കൂര്‍ വിഭാഗം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. വഹാബ് പക്ഷം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെന്നും അതിനാല്‍ നിയമ നടപടയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് കാസിം പക്ഷത്തിന്റെ നിലപാട്. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കുകയും ചെയ്യുന്നുണ്ട്.
അതിനിടെ, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് ഐഎന്‍എല്‍ കേരള എന്ന ഒരു വിഭാഗം രൂപീകരിക്കാനുള്ള നീക്കവും പുരോഗമിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍