രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുമോ ?; പ്രീമിയം പെട്രോളിൽ മൈലേജ് കൂടുമോ ?
പെട്രോൾ, ഡീസൽ വില ടോപ് ഗിയറിൽ കുതിക്കുമ്പോൾ എരിയുന്നത് വാഹന ഉടമകളുടെ നെഞ്ചാണ്. അപ്പോൾപ്പിന്നെ ഇന്ധനം ലാഭിക്കാൻ ചില ടിപ്സ് പരീക്ഷിക്കുന്നതിൽ തെറ്റില്ല, അല്ലേ. പക്ഷെ തെറ്റിദ്ധാരണകൾ പുലർത്തരുത്. ഇന്ധനം ലാഭിക്കാൻ പല കുറുക്കു വഴികളും പലരും പറയാറുണ്ട്. സാധാരണയായി വാഹനം ഓടിക്കുന്നവർ പുലർത്തുന്ന നാലു തെറ്റിദ്ധാരണകളുണ്ട്. അതിനു പിന്നിലെ യാഥാർഥ്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
1 രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമോ ?
രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമെന്ന അഭിപ്രായം തെറ്റാണ്. ചൂട് കൂടുന്നതിനനുസരിച്ച് പെട്രോൾ വികസിക്കുമെന്നതാണ് ഈ മിഥ്യാധാരണയുടെ പിന്നിലുള്ള തത്വം. ഇത് സത്യവുമാണ്-അതായത് തണുത്തിരുന്നാൽ നിങ്ങളുടെ ടാങ്കിൽ കൂടുതൽ ഇന്ധനം നിറയും. എന്നാൽ യഥാർഥ വസ്തുത എന്താണെന്നു വച്ചാൽ, പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ദിവസത്തിലെ വർധിക്കുന്ന ചൂട് ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കിൽ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുമ്പോൾ ഇന്ധനം നിറയ്ക്കുക. ഇല്ലെങ്കിൽ വഴിയിൽ കിടക്കും. അത്ര തന്നെ.
2. കുറഞ്ഞ ഇന്ധനത്തിൽ കാറോടിക്കുന്നത് എൻജിന് നല്ലതല്ല
കുറഞ്ഞ ഇന്ധനത്തിൽ കാറോടിക്കുന്നത് എൻജിന് നല്ലതല്ലെന്നു ഒരു വിഭാഗക്കാർ പറയുന്നുണ്ട്. തെറ്റായ ധാരണയാണത്. കുറഞ്ഞ ഇന്ധനത്തിൽ വാഹനോടിച്ചാൽ എൻജിൻ മോശമായ അല്ലെങ്കിൽ ടാങ്കിന്റെ അടിയിൽ അടിഞ്ഞു കൂടുന്ന മട്ട് വലിച്ചെടുക്കാനാരംഭിക്കുമെന്നതാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. പക്ഷേ ടാങ്കിന്റെ അടിയിൽ നിന്ന് ഇന്ധനം വലിച്ചെടുക്കാൻ കഴിയുന്ന വിധത്തിലാണ് എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് എൻജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാൻ കഴിയുമെന്നർഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവൻ നിറഞ്ഞിരിക്കുമ്പോഴും എൻജിൻ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമൊന്നുമില്ല.
3. പ്രീമിയം ഇന്ധനം നിറച്ചാൽ നിങ്ങളുടെ നോൺ-പ്രീമിയം കാറിനെ കൂടുതൽ മികച്ച രീതിയിൽ ഓടിക്കാനാകും
പ്രീമിയം ഇന്ധനം നിറച്ചാൽ നിങ്ങളുടെ നോൺ-പ്രീമിയം കാറിനെ കൂടുതൽ മികച്ച രീതിയിൽ ഓടിക്കാനാകുമെന്നു പ്രതീക്ഷിക്കേണ്ട. പമ്പിലെത്തുമ്പോൾ മുൻപത്തേക്കാളേറെ ഓപ്ഷനുകളുണ്ട് ഇപ്പോൾ. പവർ, പ്രീമിയം പോലുള്ള വാക്കുകളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും നിലവിലുണ്ട്. ഇവ നിറച്ചാൽ നന്നായി ഓടിക്കാനാകുമെന്നാണ് കരുതുന്നത്. അത് ചിലപ്പോൾ വില കൂടിയതുമാകാം. എന്നാൽ അവ സാധാരണ ഇന്ധനത്തേക്കാൾ കൂടുതൽ തെളിഞ്ഞതോ ശുദ്ധമോ അല്ല. അവ വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെർഫോമൻസ് എൻജിനുകൾക്ക് ഗുണകരവുമാണ്. എന്നാൽ ഡെയ്‌ലി ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലർത്തുന്നവയാണ്.
4. റേഞ്ച് റീഡിംഗുകൾ, മൈലേജ് എന്നിവ തെറ്റാണ്
ടാങ്കിൽ എത്ര ഇന്ധനമുണ്ടെന്ന് ഫ്യുവൽ ഗെയ്ജ് ഡ്രൈവർക്ക് നിർദേശം നൽകുമ്പോൾ, ദീർഘ ഡ്രൈവിംഗ് രീതി അടിസ്ഥാനമാക്കിയാണ് റേഞ്ച് റീഡിംഗ് കണക്കാക്കുന്നത്. അതുപോലെ തന്നെ ശരാശരി ഇന്ധനക്ഷമത. വാഹനത്തിന്റെ മീറ്ററിൽ കാണിക്കുന്ന ഇന്ധനക്ഷമത ഒരു പരിധിവരെ ശരിയാകാറാണ് പതിവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍