ബാലനെ ചുറ്റികകൊണ്ട് അടിച്ചു കൊലപാതകം; സഹോദരി രക്ഷപ്പെട്ടത് കുതറിയോടി


അടിമാലി• മകനെയും അമ്മയെയും മുത്തശ്ശിയെയും ചുറ്റികകൊണ്ട് ആക്രമിച്ച ശേഷം സഫിയയുടെ മകൾ ആഷ്മിയെ(15) കൊലപ്പെടുത്താൻ ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെങ്കിലും കുതറിയോടി പെൺകുട്ടി രക്ഷപ്പെട്ടു. സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവ് ഷാൻ എന്ന പേരിൽ അറിയപ്പെടുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാർ (48) ആണ് പൊലീസ് പിടിയിലായത്.

ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് സംഭവം. സഹോദരങ്ങളായ സഫിയ, സൈനബ, ഷൈല എന്നിവർ അടുത്തടുത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. സഫിയയുടെ ഭർത്താവ് റിയാസ് ഒരു വർഷമായി വേർപിരിഞ്ഞ് മൂന്നാറിലാണു താമസം 2 മാസം മുൻപ് സുനിൽ കുമാറും ഷൈലയും തമ്മിൽ വഴക്കുണ്ടായി. മധ്യസ്ഥതയ്ക്കൊടുവിൽ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചു. ഇതിനു കാരണക്കാർ സഫിയയും സൈനബയുമാണെന്നു സുനിൽ കുമാർ വിശ്വസിച്ചിരുന്നു.

അടിമാലി അമ്പഴച്ചാലി‍ൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷാൻ രാത്രി 3 മണിയോടെ ചുറ്റികയുമായി സഫിയയുടെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കടന്നു. തുടർന്ന് സഫിയയെ ചുറ്റിക കൊണ്ടടിച്ചു. തുടർന്നു ഫത്താഹിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെ നിന്നിറങ്ങി സൈനബയുടെ വീട്ടിലെത്തി. സഫിയയുടെ മകൾ ആഷ്മിയും അവിടെ ഉണ്ടായിരുന്നു. സൈനബയെയും ചുറ്റിക കൊണ്ടു അടിച്ച ശേഷം ആഷ്മിയെ വലിച്ചിഴച്ചു സൈനബയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ച് ഷൈലയുടെ വീട്ടിൽ എത്തിക്കുന്നതിനിടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു എന്ന് ആഷ്മി പൊലീസിനോട് പറഞ്ഞു. പുലർച്ചെ 6 വരെ ഭയന്നു വിറച്ച് ഏലത്തോട്ടത്തിൽ ഇരുന്ന ആഷ്മി അയൽവാസിയുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ആമക്കണ്ടത്തിനു സമീപം ഈട്ടിസിറ്റി ഭാഗത്തു നിന്ന് വെള്ളത്തൂവൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.