കിനാലൂരിൽ വീട്ടിനകത്ത് പൊട്ടിത്തെറി: വീട്ടുകാരും പരിസരവാസികളും പരിഭ്രാന്തിയിൽ
ബാലുശ്ശേരി: കിനാലൂർ ഏർവാടിമുക്കിൽ കുട്ടിക്കണ്ടിമീത്തൽ രാഘവൻ മേനോക്കിയുടെ വീട്ടിനകത്തുണ്ടായ അസാധാരണ പൊട്ടിത്തെറി വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി.
ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വീട്ടിനകത്ത് വിരിച്ച ടൈലുകൾ വലിയശബ്ദത്തിൽ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഡൈനിങ് ഹാളിനകത്തെ ടൈലുകളിൽ ഏറെയും പൊട്ടിത്തെറിച്ചു. തൊട്ടടുത്ത മുറിയിൽനിന്ന് രാത്രി വൈകിയിട്ടും വ്യാഴാഴ്ച രാവിലെയും ശബ്ദവും തീപ്പൊരികളും ഉയർന്നിരുന്നു. ആറുവർഷംമുൻപ് നിർമിച്ച വീട്ടിനുള്ളിൽനിന്ന് ഇതാദ്യമായാണ് ഇത്തരം അനുഭവമുണ്ടായതെന്ന് വീട്ടുടമ രാഘവൻ മേനോക്കി പറഞ്ഞു.
ശബ്ദംകേട്ട ഉടൻതന്നെ വിട്ടുകാർ പുറത്തേക്കോടുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ സഹോദരൻ ഏറെ പണിപ്പെട്ടാണ് വീട്ടിനകത്തുനിന്നു പുറത്തുകടന്നത്. ഓടിക്കൂടിയ പരിസരവാസികളും പരിഭ്രാന്തരായി.
ബാലുശ്ശേരി പോലീസ്, പഞ്ചായത്ത് അധികൃതർ, വില്ലേജ് അധികൃതർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍