എസ്.ബി.ഐയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; കൈ മലർത്തി ബാങ്ക്
എസ്.ബി.ഐയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് 20000 രൂപ നഷ്ടമായി. അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ കൈമാറണമെന്നു പറഞ്ഞാണ് പണം തട്ടിയത്. സമാനമായ നൂറോളം പരാതികള്‍ സംസ്ഥാനവ്യാപകമായി സൈബര്‍ പൊലീസിന് ലഭിച്ചു. ഒടിപി നമ്പര്‍ കൈമാറാതെയാണ് പലര്‍ക്കും പണം നഷ്ടമായത്.
നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങള്‍ നല്‍കണമെന്ന മെസേജിലാണ് തട്ടിപ്പിന്റെ തുടക്കം. ഈ മെസേജില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്സൈറ്റിലേക്കാണ്. സാധാരണഗതിയില്‍ ആര്‍ക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരങ്ങള്‍ കൊടുത്താല്‍ ഒടിപി പോലും നല്‍കാതെ അക്കൗണ്ടില്‍ നിന്ന് പണം പോകും. തിരുവനന്തപുരം സ്വദേശിനിയായ ഗീതയ്ക്ക് ഇങ്ങനെ നഷ്ടമായത് 20000 രൂപയാണ്.
എസ്.ബി.ഐയുടെ ആല്‍ത്തറ ശാഖയിലെത്തി ഗീത പരാതിപ്പെട്ടു. പണം തിരിച്ചുകിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. ഒ.ടി.പി നല്‍കാതെ പണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്വമുണ്ട് എന്ന് റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ ഉള്ളപ്പോഴാണിത്. പണം നഷ്ടമായ ശേഷമുള്ള കേസിലും അന്വേഷണത്തിലൊന്നും കാര്യമില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് പ്രാഥമികമായി ഒരു മുന്‍കരുതലെടുക്കാം. ബാങ്കിന്‍റെ പേരിലല്ലാതെ ഏതെങ്കിലും നമ്പരുകളില്‍ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക. ഒരു വിവരവും നല്‍കരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍