തിരികെ സ്‌കൂളിലേക്ക്..'; സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി; നിർദേശങ്ങൾ അറിയാം
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും വിദ്യാർത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും.
ഡിജിറ്റൽ ക്ലാസുകൾ തുടരും. സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ടൈംടേബിൾ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂൾ അസംബ്ലി ഒഴിവാക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും. ഒരു ക്ലാസ്സിനെ ബയോ ബബിൾ ആയി കണക്കാക്കും. രോഗലക്ഷണ രജിസ്റ്റർ സൂക്ഷിക്കും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക ബസ് സർവീസ് നടത്തും. വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മാത്രം. ഉച്ച ഭക്ഷണം പി.ടി.എയുമായി ആലോചിച്ച് നൽകും.
2. കുട്ടികൾ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
3. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികളാവാം.
4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാരജാകാവുന്നതാണ്.
5. സ്കൂളുകളുടെ സൌകര്യാർത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.
6. ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
7. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്.
8. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂൾ മേധാവിക്കായിരിക്കും.
9. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വേണം സ്‌കൂളിൽ എത്തിച്ചേരേണ്ട വിദ്യാർത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
10. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്‌കൂളുകളിൽ രണ്ട് ദിവസം) സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.
11. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം.
12. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല.
13. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്‌കൂളിൽ ഹാജരാകേണ്ടതില്ല.
14. കൊവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്.
15. നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
16. സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
17. കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
18. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
19. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
20. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽ വരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
21. സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.
22. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.
23. കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്‌കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.
24. സ്‌കൂൾസംബന്ധമായ എല്ലാ യോഗങ്ങൾ തുടങ്ങുമ്പോഴും ക്ലാസുകൾ തുടങ്ങുമ്പോഴും കൊവിഡ് അനുയോജ്യ പെരുമാറ്റം ഓർമ്മപ്പെടുത്തുകയും കൊവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
25. അക്കാദമികപ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
26. സ്കൂൾ തലത്തിൽ ഒരു ഹെല്പ്പ് ലൈൻ ഏർപ്പെടുത്തേണ്ടതാണ്.
സ്‌കൂളുകൾ സജ്ജമാക്കൽ
1. സ്‌കൂളുകൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാൽ ഒക്ടോബർ 25 നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും.
2. ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ, ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
3. ദീർഘനാളായി സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്.
4. നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.
5. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
6. സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും.
7. സ്‌കൂൾ പരിസരങ്ങളിലും ക്ലാസ്സുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ (Covid Appropriate Behaviour) വിവരിക്കുന്ന ബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ,ലൈബ്രറികൾ,കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങൡ പതിക്കാൻപ്രത്യേകം ശ്രദ്ധിക്കണം.
8. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം,കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേണ്ടതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍