കനത്ത മഴയിൽ വീട് തകർന്നു
താമരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും പ്രകൃതി ക്ഷോഭത്തിലും തേറ്റാമ്പുറം കാവുള്ള പറമ്പിൽ തറവാട് വീട് പൂർണ്ണമായും തകർന്നു.
കഴിഞ്ഞ ദിവസം രാവിലെ
വീടിന്റെ മോന്തായം ഒടിഞ്ഞ് ഓടുമേഞ്ഞേ മേൽക്കൂര തകരുകയായിരുന്നു. ഓടുകളും കഴുക്കോലുകളും പട്ടികയും തകർന്ന് മൺകട്ടയിൽ പണിത ചുമരുകൾ വിണ്ടുകീറി.
അസുഖ ബാധിതനായി അകാലത്തിൽ മരിച്ച കെ.പി. പ്രേമന്റെ ഭാര്യ ഷീബ മക്കളായ അനശ്വര, ആതിര ജ്യേഷ്ഠന്റെ മകൻ കെ.പി.സുധീഷ് എന്നിവർ താമസിച്ചു വരുന്ന വീട് തകരുമ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
മേൽക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല.
അയൽവാസികളും നാട്ടുകാരും ചേർന്ന് വീട്ടുപകരണങ്ങളും മറ്റും മാറ്റി.
തുടർന്ന് കുടുംബം പരിസരത്തെ മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചു.
ഡിഗ്രി പഠനം കഴിഞ്ഞ മൂത്ത മകളും , അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഇളയമകളും ഉൾപ്പെട്ട വിധവയായ ഷീബയുടെ കുടുംബത്തിന് വീട് പുനർനിർമ്മിച്ചു നൽകാൻ താലൂക്ക് , പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരും കുടുംബവും അഭ്യർത്ഥിക്കുന്നത്.
ഡെപ്യൂട്ടി തഹസിൽദാർ നിസാമുദീൻ, കെടവൂർ വില്ലേജ് ഓഫീസർ ടി.പി. നളിനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കദീജ സത്താർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ , ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് മനോജ് നടുക്കണ്ടി സി.പി.എം നേതാവ് എൻ.കെ.ഷാജു എന്നിവർ സ്ഥലം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍