'ഇത് പഴയ ബിസിനസ് തന്ത്രം'; സര്‍വീസ് ചാര്‍ജ് ഈടാക്കി ഫോണ്‍ പേ, #UninstallPhonepe ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ
മൊബൈല്‍ റീചാര്‍ജിന് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഫോണ്‍പേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ. #UninstallPhonepe , #Boycottphonepe തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതമാണ് പ്രതിഷേധം തുടരുന്നത്. ആദ്യം സൗജന്യമായി സേവനം നല്‍കുക, പിന്നീട് ജനപ്രീതി സമ്പാദിച്ച ശേഷം പണം ഈടാക്കുക എന്നത് പഴയ ബിസിനസ് തന്ത്രമാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.
50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജിന് ഉപഭോക്താവില്‍ നിന്ന് ഒരു രൂപ മുതല്‍ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ് ഈടാക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ആദ്യ കമ്പനിയാണ് ഫോണ്‍ പേ. ഫോണ്‍ പേയുടെ പുതിയ തന്ത്രം പിന്തുടര്‍ന്ന് മറ്റുള്ളവരും ഈ നടപടി ആരംഭിക്കുമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. എന്നാല്‍ 50നും 99നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് നല്‍കേണ്ടത്.
ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റുഫോമുകള്‍ നിലവില്‍ ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നില്ല. എന്നാല്‍ വരുംനാളുകളില്‍ ഇവരും ഫോണ്‍പേ നിലപാട് പിന്‍തുടരുമോ എന്ന ആശങ്കയാണ് യൂസര്‍മാര്‍ക്ക്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍ പേ. സെപ്തംബറില്‍ മാത്രം 165 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 40 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍