പ്രിയ യജമാനന്റെ കുഴിമാടത്തിൽ 10 ദിവസമായി കാത്തിരുന്നു അർജു; തീരാ സങ്കടക്കാഴ്ച...
ദിവാകരനെ സംസ്കരിച്ച സ്ഥലത്ത് കിടക്കുന്ന വളർത്തുനായ ‘അർജു’(ഇൻസെറ്റിൽ ദിവാകരൻ)
കൊല്ലം• തേങ്ങയിട്ട്, ദിവാകരൻ താഴേക്ക് ഇറങ്ങുന്നതുവരെ തെങ്ങിൻചുവട്ടിൽ കാത്തിരിക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ, പ്രിയ യജമാനന്റെ കുഴിമാടത്തിൽ നട്ട തെങ്ങിൻതൈയുടെ അരികിൽ നിന്നു മാറുന്നേയില്ല ഇൗ വളർത്തുനായ. തെങ്ങുകയറ്റത്തൊഴിലാളിയായ ദിവാകരന്റെ സംസ്കാരം കഴിഞ്ഞ് 10 ദിവസമായിട്ടും ചിതയൊരുക്കിയ സ്ഥലത്തു കിടക്കുന്ന ‘അർജു’ എന്ന നായ വീട്ടുകാർക്ക് സങ്കടക്കാഴ്ചയാവുന്നു.മൈനാഗപ്പള്ളി ഇടവനശ്ശേരി കളത്തിലയ്യത്ത് വീട്ടിൽ ദിവാകരൻ(62) മരിച്ചത് ഇൗ മാസം ഒന്നിനാണ്. കാൻസർ രോഗബാധിതനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവാകരൻ ജീവിച്ചിരിക്കുന്ന കാലത്ത്, പണിസ്ഥലത്തുൾപ്പെടെ എല്ലായിടത്തും സന്തതസഹചാരിയായിരുന്നു രണ്ടരവയസ്സുള്ള ഇൗ നാടൻനായ. കുഞ്ഞായിരിക്കുമ്പോഴേ വീട്ടിൽ വന്നു കയറിയതാണ്. ആഹാരം കൊടുത്തും കൊഞ്ചിച്ചും ദിവാകരൻ വളർത്തി. ‘‘അച്ഛൻ പണിക്കുപോകുന്ന വീടുകളിലും അവൻ കൂടെപ്പോകുമായിരുന്നു. ആരെയും ഉപദ്രവിക്കില്ല. അച്ഛനോട് അത്ര അടുപ്പമായിരുന്നു. സംസ്കാരം നടന്നത് ഇൗ മാസം രണ്ടിനാണ്. അന്നു തൊട്ട് ചിതയൊരുക്കിയ സ്ഥലത്ത് നിന്നു മാറാൻ കൂട്ടാക്കുന്നില്ല. പകൽ അഴിച്ചുവിടുമ്പോഴെക്കെ അവിടെപ്പോയി മണ്ണോടു ചേർന്നു കിടക്കും’’–ദിവാകരന്റെ മകൻ പെയിന്റിങ് തൊഴിലാളിയായ ബിജു പറയുന്നു.
ദിവാകരന്റെ മരണശേഷം ആദ്യത്തെ കുറച്ചുദിവസം ആഹാരമേ കഴിച്ചില്ല. അന്ന്, മൃതദേഹം കിടത്തിയ മുറിക്കുള്ളിലേക്കും ഇടയ്ക്കൊക്കെ വന്നുനോക്കും. ചിതയെരിയുമ്പോഴും മാറാതെ അടുത്തുതന്നെയുണ്ടായിരുന്നു. ഇപ്പോൾ കുഴിമാടത്തിനരികിൽ പോയി കിടക്കും. അപരിചിതർ അടുത്തുവന്നാൽ മാത്രം ഒന്നു മാറിനിൽക്കും. ദിവാകരന്റെ ഭാര്യ മണിക്കും പറയാനുണ്ട്, രണ്ടുപേരും തമ്മിലുള്ള അടുപ്പത്തിന്റെ ഒത്തിരികഥകൾ. മറ്റു മക്കളായ ബീനയോടും ബിന്ദുവിനോടും അർജു നല്ല കൂട്ടാണ്.കുഴിമാടത്തിനരികിൽ കിടക്കുന്ന വളർത്തുനായയെ കാണുമ്പോൾ വീട്ടുകാർക്കും സങ്കടം ഇരട്ടിക്കും. ‘അച്ഛൻ ഇനി വരില്ലെന്ന് അവനു മനസ്സിലായിക്കാണും’–ബിജു പകുതിയിൽ പറഞ്ഞുനിർത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍