വ്യാജ പീഡന പരാതി; വനിതാ എസ്ഐയ്ക്കു സസ്പെൻഷൻ
കോഴിക്കോട്• വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയുടെ മകളുടെ ഭർത്താവിന്റെ പേരിൽ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്ഐയ്ക്കു സസ്പെൻഷൻ. മെഡിക്കൽ കോളജ് അസി.കമ്മിഷണർ ഓഫിസിലെ ഗ്രേഡ് എസ്ഐ ആയ കെ. സുഗുണവല്ലിയെ ആണ് കമ്മിഷണർ എ.വി.ജോർജ് സസ്പെൻഡ് ചെയ്തത്. പരാതി വ്യാജമാണെന്നു ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദീഖ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവണ്ണൂർ കുറ്റിയിൽപടി നിവാസികളായ വയോധിക ദമ്പതികളുടെ വീട്ടിലാണ് എസ്ഐ ഒരു വർഷത്തിലേറെയായി വാടകയ്ക്കു താമസിച്ചിരുന്നത്. വാടകയിനത്തിൽ 1.43 ലക്ഷം രൂപയും വൈദ്യുതി ബിൽ ഇനത്തിൽ 4000 രൂപയും ഇവർ വീട്ടുടമയ്ക്ക് നൽകാനുണ്ടായിരുന്നു. വാടകക്കരാർ പുതുക്കിയെങ്കിലും എസ്ഐ പണം നൽകാതായതോടെ വീട്ടുടമസ്ഥർ പന്നിയങ്കര പൊലീസിലും കമ്മിഷണർക്കും പരാതി നൽകി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ നിന്ന് വിളിച്ചെങ്കിലും എസ്ഐ ഹാജരായില്ല.
എസ്ഐയുടേത് വ്യാജപരാതിയാണെന്ന് വീട്ടുടമ കമ്മിഷണർക്കു പരാതി നൽകിയതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. പീഡനപരാതിയിൽ പന്നിയങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്വേഷണവുമായി എസ്ഐ സഹകരിച്ചിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചപ്പോൾ പീഡനപരാതി നൽകിയിട്ടില്ലെന്നായിരുന്നു എസ്ഐയുടെ നിലപാട്. മൊഴി പൊലീസ് തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍