കരുത്തരായ മുംബൈ സിറ്റിയെ അട്ടിമറിച്ച് ഹൈദരാബാദ്


മഡ്ഗാവ്: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ അട്ടിമറിച്ച് ഹൈദരാബാദ് എഫ്.സി. ഫത്തോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ അഹമ്മദ് ജാഹുവിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. ഹൈദരാബാദ് ബോക്സിൽ നടന്ന ഒരു കൂട്ടപ്പൊരിച്ചിലിനിടെ ഓടിയെത്തിയ ജാഹു അവസരം മുതലെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ 13-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജാവോ വിക്ടറാണ് ടീമിന് സമനില സമ്മാനിച്ചത്. 12-ാം മിനിറ്റിൽ ജോയൽ കിയാനിസെയെ ബിപിൻ സിങ് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.

തുടർന്ന് 53-ാം മിനിറ്റിൽ ബർത്തലോമ്യു ഓഗ്ബെച്ചെ ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. അനികേത് ജാദവ് നൽകിയ ക്രോസ് ഓഗ്ബെച്ചെ, മുംബൈ ഡിഫൻഡർ മുർത്താത ഫാളിന്റെ പ്രതിരോധം മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിക്കവെ പകരക്കാരനായെത്തിയ രോഹിത്ത് ഡാനുവിലൂടെ 82-ാം മിനിറ്റിൽ ഹൈദരാബാദ് വിജയമുറപ്പിക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍