'കൗണ്‍സിലിങ് നല്‍കിയിട്ടും മകള്‍ ഞെട്ടലില്‍; നീതി ലഭിക്കും'; അച്ഛൻ

ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് അപമാനിച്ച കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശം ഏറെ ആശ്വാസം നല്‍കുന്നുവെന്ന് അച്ഛന്‍ ജി. ജയച്ചന്ദ്രന്‍. കോടതിയെ ദൈവത്തെപ്പോലെ കാണുന്നു. തനിക്കും മകള്‍ക്കും നീതിലഭിക്കുമെന്നുതന്നെയാണ് വിശ്വാസമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ആറ്റിങ്ങലില്‍ പൊലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് അപമാനിച്ചത് കാക്കിയുടെ ഈഗോയും ധാര്‍ഷ്ട്യവുമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. കോടതിക്കുമുമ്പാകെ ഹാജരാക്കിയ ദൃശ്യങ്ങള്‍ ഏതൊരാളുടെയും മനസ്സിളക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. കടുത്തമാനസിക വേദനയില്‍ കഴിയുന്ന തനിക്കും മകള്‍ക്കും കോടതിയുടെ വാക്കുകള്‍ ഏറെ ആശ്വാസം പകരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍.

കോടതി പരാമര്‍ശത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മകള്‍ക്കും സന്തോഷം

മൂന്നുതവണ കൗണ്‍സിലിങ് നല്‍കിയിട്ടും മകള്‍ അന്നത്തെ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ല

പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടും ഇതുവരെ മൊഴിയെടുക്കാന്‍ പോലും തയാറായിട്ടില്ലെന്ന് ജയച്ചന്ദ്രന്‍

ദിശ എന്ന സന്നദ്ധസംഘടനയുടെ സഹായത്താലാണ് ഈ അച്ഛന്‍ നീതിതേടി ഹൈക്കോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍