'പെണ്ണാണെന്ന് നോക്കില്ല, കായികമായി നേരിടും'; വനിതാ മാധ്യമപ്രവര്‍ത്തകയോട് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി
കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടക്കുന്നത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കൈരളി ന്യൂസ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് ടി സിദ്ദിഖ് അനുകൂലിയുടെ ഭീഷണിപ്പെടുത്തല്‍. 'പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും. കേസ് വന്നാല്‍ നോക്കിക്കോളും' എന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് നേതാവ് പറഞ്ഞത്.
ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്. നിങ്ങളെ മര്‍ദ്ദിച്ചാല്‍ ആരും ചോദിക്കില്ല. എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഇതിനിടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം നേതാക്കള്‍ ഹോട്ടലില്‍ നിന്ന് മുങ്ങുകയും ചെയ്തു. മുന്‍ ഡിസിസി അധ്യക്ഷന്‍ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേര്‍ന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്റെ നേതൃത്ത്വത്തിലാണ് യോഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍