''എന്നെ സിക്‌സര്‍ അടിക്കാറായോ? ബംഗ്ലാദേശ് താരത്തെ എറിഞ്ഞു വീഴ്ത്തി ഷഹീന്‍ അഫ്രീദി വിവാദത്തില്‍


തന്നെ സിക്‌സറിനു ശിക്ഷിച്ച ബംഗ്ലാദേശ് താരത്തെ അടുത്ത പന്തില്‍ അനാവശ്യമായി 'എറിഞ്ഞു വീഴ്ത്തി' പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദി വിവാദത്തില്‍. ഇന്നലെ ധാക്കയില്‍ നടന്ന ബംഗ്ലാദേശ്-പാകിസ്താന്‍ രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവം. ബംഗ്ലാദേശ് മധ്യനിര താരം അഫീഫ് ഹൊസൈനെതിരേയാണ് അഫ്രീദി അനാവശ്യ അഗ്രഷന്‍ കാണിച്ച വിവാദത്തിലായത്.

മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റ ബംഗ്ലാദേശ് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയിലാണ് ഇന്നലെ ടോസ് നേടി അവര്‍ ബാറ്റിങ്ങിനിറങ്ങിയത്. അഫ്രീദി എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ സയ്ഫ് ഹസനും തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണര്‍ മുഹമ്മദ് വാസിമും(2) പുറത്തായതോടെ രണ്ട് ഓവറില്‍ രണ്ടിന് അഞ്ച് റണ്‍സ് എന്ന നിലയിലായി ബംഗ്ലദേശ്.

ഇതിനു പിന്നാലെയാണ് അഫീഫ് ഹുസൈന്‍ കളത്തിലെത്തുന്നത്. മൂന്നാം ഓവറില്‍ അഫ്രീദിയുടെ ആദ്യ പന്ത് നേരിട്ട അഫീഫ് സിക്‌സറിലൂടെയാണ് അക്കൗണ്ട് തുറന്നത്. പാക് പേസര്‍ എറിഞ്ഞ ലെങ്ത് ബോള്‍ ബാക്ക്‌വേഡ് സ്വകയര്‍ ലെഗ്ഗിനു മുകളിലൂടെ പായിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ പാക് താരം തൊട്ടടുത്ത പന്തില്‍ അഫീഫിനെ അനാവശ്യമായി എറിഞ്ഞുവീഴിക്കുകയായിരുന്നു. അടുത്ത പന്ത് അഫീഫ് പ്രതിരോധിച്ചപ്പോള്‍ പന്ത് നേരെ ബൗളറുടെ സമീപത്തേക്ക് ഉരുണ്ടെത്തുകയായിരുന്നു. അതു ഫീല്‍ഡ് ചെയ്ത അഫ്രീദി ക്രീസില്‍ തന്നെ നില്‍ക്കുകയായിരുന്ന ബാറ്റര്‍ക്കു നേരെ ശക്തമായി വലിച്ചെറിയുകയായിരുന്നു.

റണ്‍ എടുക്കാന്‍ ശ്രമിക്കുകയോ, ക്രീസില്‍ നിന്നു വിട്ടിറങ്ങുകയോ പോലും ചെയ്യാതെ മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു അഫീഫ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും തൊട്ടുമുമ്പത്തെ പന്തില്‍ സിക്‌സര്‍ വഴങ്ങിയതിന്റെ കലിപ്പില്‍ പാക് താരം മാന്യതയ്ക്കു നിരക്കാത്ത പണിക്കാട്ടുകയായിരുന്നു.

ഏറുകൊണ്ട ഉടന്‍ താരം നിലത്തുവീണുപോയി. ഓടിയെത്തിയ ഷഹീന്‍ അഫ്രീദി ക്ഷമാപണം നടത്തിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അഫ്രീദിക്കെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്. അഫ്രീദി മനഃപൂര്‍വം പന്ത് വലിച്ചെറിഞ്ഞതെന്നാണ് അവരുടെ ആരോപണം. എന്തായാലും ഈ മത്സരവും ജയിച്ച പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍