പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നതോടെ സി.എന്‍.ജി, ഇലക്ട്രിക് വാഹനങ്ങളുടെ തലവര തെളിഞ്ഞു


പെട്രോൾ-ഡീസൽ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്തവിധം കുതിച്ചപ്പോൾ സി.എൻ.ജി. (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്), ഇലക്ട്രിക് വാഹനങ്ങളോട് കേരളീയർക്ക് പ്രിയം കൂടി. 2020-നെ അപേക്ഷിച്ച് സംസ്ഥാനത്ത് സി.എൻ.ജി. വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഏതാണ്ട് 20 മടങ്ങ് വർധനയാണ് ഈവർഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ അഞ്ചു മടങ്ങ് ഉയർന്നിട്ടുണ്ട്.

2020-ൽ ആകെ 89 സി.എൻ.ജി. വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2021 നവംബർ വരെ മൊത്തം 1,782 സി. എൻ.ജി. വാഹനങ്ങൾ സംസ്ഥാനത്തെ വിവിധ ആർ.ടി.ഒ. ഓഫീസുകളിലായി രജിസ്റ്റർ ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടായ വർധനയാണ് സി.എൻ.ജി., ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂട്ടുന്നതെന്ന് കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി മനോജ് കുറുപ്പ് പറഞ്ഞു.

ഇതിനു പുറമേ സി. എൻ.ജി.ക്ക് വില കുറവാണെന്നതും സംസ്ഥാനത്ത് സി.എൻ.ജി. സ്റ്റേഷനുകളുടെയും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെയും എണ്ണത്തിലുണ്ടായ വർധനയും ആളുകളുടെ താത്പര്യം കൂട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ചാർജിങ് സൗകര്യം കൂടുന്നതിനനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കും ആളുകൾ മാറിത്തുടങ്ങും.

എന്നാൽ, സി.എൻ.ജി.യിലേക്കുള്ള മാറ്റം പ്രധാനമായും ഇന്ധനത്തിന്റെ വില അടിസ്ഥാനമാക്കിയായിരിക്കും. നേരത്തെ 50 രൂപയിൽ താഴെയായിരുന്നു സി.എൻ.ജി.യുടെ വില. നിലവിൽ 70 രൂപയ്ക്കടുത്താണ്. ഭാവിയിൽ സി.എൻ.ജി., പെട്രോൾ, ഡീസൽ വിലകൾ തമ്മിൽ വലിയ അന്തരമില്ലെങ്കിൽ നിലവിലെ ട്രെൻഡ് കാണാനാകുമോ എന്നത് സംശയമാണെന്നും മനോജ് കുറുപ്പ് പറയുന്നു.

കൂടുതലും കൺവേർഷൻ

പുതിയതിനേക്കാൾ സി.എൻ.ജി.യിലേക്ക് മാറ്റുന്ന വാഹനങ്ങളാണ് ഭൂരിഭാഗവും. ഇതിൽത്തന്നെ, കൂടുതലും പെട്രോൾ വാഹനങ്ങളാണ് സി.എൻ.ജി.യിലേക്ക് മാറുന്നത്. ഡീസൽ വാഹനങ്ങളിൽ സി.എൻ.ജി. കൺവേർഷൻ കുറവാണ്. എങ്കിലും ബസുകളടക്കം ഇപ്പോൾ സി.എൻ.ജി. എൻജിനിലേക്ക് മാറുന്നുണ്ട്. ഇത്തരത്തിൽ കൺവേർഷൻ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിൽ മാറ്റംവരുത്തുകയും ഇൻഷുറൻസ് കവറേജ് പുതുക്കുകയും ചെയ്യണം.

പുതിയ സി.എൻ.ജി. മോഡൽ വാങ്ങുന്നതിനേക്കാൾ ആളുകൾക്ക് താത്പര്യം കൺവേർഷനാണ്. കാരണം, പെട്രോൾ വേരിയന്റ് സി.എൻ.ജി.യിലേക്ക് മാറ്റുന്നതും പുതിയ സി.എൻ.ജി. വാഹനം വാങ്ങുന്നതും തമ്മിൽ ആദ്യം പറഞ്ഞതാണ് ലാഭം. കൺവേർഷന് ഏകദേശം 50,000 രൂപയ്ക്കടുത്താണ് ചെലവ് വരുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികൾ നിലവിൽ സി.എൻ.ജി. കാറുകൾ പുറത്തിറക്കുന്നുണ്ട്.

നിലവിൽ ഐ.ഒ.എ.ജി.പി.എല്ലിന് 38 സ്റ്റേഷനുകളുണ്ട്. മാർച്ചോടെ 100 ഔട്ട്ലെറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്ന് എറണാകുളം എ.ജി.എം. അജയ് പിള്ള പറഞ്ഞു. എ.ജി. ആൻഡ് പി.യുടെ രണ്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഡിസംബറോടെ 20 സ്റ്റേഷനുകൾ പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എ.ജി. ആൻഡ് പി. കേരള റീജണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍