അമ്മയെ രക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പ്, കൊലപാതകം; തെളിവുകള്‍ നല്‍കി, പുസ്തകങ്ങളുമായി അവര്‍ മടങ്ങി

അമ്പലവയൽ (വയനാട്): ആയിരംകൊല്ലിയിൽ മുഹമ്മദിനെ (68) കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായവർ മാത്രമാണ് പ്രതികളെന്ന് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നും പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും അവരുടെ മാതാവിനെയും പോലീസ് കൊലനടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. ആദ്യം മാതാവിനെയും പിന്നാലെ പെൺകുട്ടികളെയുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച കോടാലിയും വെട്ടുകത്തിയും സംഭവസമയം ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. അടുക്കളയിൽ ഒളിപ്പിച്ചിരുന്ന കോടാലിയും വെട്ടുകത്തിയും മാതാവാണ് പോലീസിന് എടുത്തുനൽകിയത്. ചാക്കിൽക്കെട്ടിയ മൃതദേഹം വീടിനുസമീപത്തെ പറമ്പിലെ കുഴിയിലേക്ക് തങ്ങൾ മൂന്നുപേരും ചേർന്നാണ് വലിച്ചുകൊണ്ടുപോയതെന്നും ഇവർ മൊഴിനൽകി. സംഭവം നടന്നയുടനെ വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും നിലത്തെ രക്തം കഴുകിക്കളഞ്ഞെന്നും അവർ പോലീസിനോടു പറഞ്ഞു. മ്യൂസിയത്തിനുസമീപം ഉപേക്ഷിച്ച മൊബൈൽ ഫോൺ കുട്ടികൾതന്നെ കണ്ടെത്തി നൽകുകയുംചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. സംഭവംനടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. മുഹമ്മദ് മാതാവിനെ മർദിക്കുന്നത് തടയാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോടാലികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയെങ്കിലും പരിഭ്രമിച്ചുപോയതിനാൽ ശ്രമം പൂർത്തിയാക്കാനായില്ല. ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പറമ്പിലെ കുഴിയിൽ തള്ളുകയും വലതുകാൽ അമ്പലവയൽ ടൗണിലെ മാലിന്യസംസ്കരണ പ്ലാന്റിൽ വലിച്ചെറിയുകയും ചെയ്തു. കാൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്കൂൾബാഗ് കുട്ടികൾ തെളിവെടുപ്പിനിടെ പോലീസിനു നൽകി.

കൊല്ലപ്പെട്ട മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മാതാവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കും. കൊല്ലപ്പെട്ട മുഹമ്മദിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

നിർവികാരതയോടെ അമ്മയും മക്കളും, മുക്കാൽ മണിക്കൂറോളം തെളിവെടുപ്പ്...

ആയിരംകൊല്ലിയിൽ മുഹമ്മദിന്റെ കൊലപാതകക്കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും അമ്മയെയും തെളിവെടുപ്പിനെത്തിച്ചപ്പോൾ ആയിരംകൊല്ലിയെന്ന നാടും നാട്ടുകാരും ശാന്തമായിരുന്നു. ആകെ ഉണ്ടായിരുന്നത് മുഹമ്മദിന്റെ രണ്ടു ഭാര്യമാരുടെ നിലവിളിമാത്രം. രാവിലെ പത്തേകാലോടെ പോലീസ് ജീപ്പിൽ മാതാവും പിന്നാലെ കാറിൽ കുട്ടികളുമെത്തിയത് നിസ്സംഗഭാവത്തോടെ. തികഞ്ഞ നിർവികാരതയോടെ മൂവരും പോലീസിന്റെ ചോദ്യങ്ങൾക്ക് മറയില്ലാതെ ഉത്തരം നൽകി.

ഒരേ പറമ്പിലുള്ള രണ്ടു ഷെഡ്ഡുകളിലായിരുന്നു കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പ്രതികളായ മാതാവും രണ്ടു പെണ്മക്കളും താമസിച്ചിരുന്നത്. ആദ്യം മാതാവ് തെളിവെടുപ്പിനായി വീട്ടിലേക്ക് കയറി. ഉണ്ടായ കാര്യങ്ങളൊക്കെയും പോലീസിനോട് വിശദീകരിച്ചു. അടുക്കളയിൽ വെച്ചിരുന്ന, കൊലനടത്താനുപയോഗിച്ചിരുന്ന വെട്ടുകത്തിയും കോടാലിയും പോലീസിന് എടുത്തുനൽകി.

തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടിവലിച്ചുകൊണ്ടുപോയ ഭാഗത്തെത്തിച്ചും തെളിവെടുത്തു. ഇതിനുശേഷമാണ് കുട്ടികളെ വീടിനടുത്തേക്ക് കൊണ്ടുവന്നത്. കുട്ടികളും ഉണ്ടായകാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാല് ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്കൂൾ ബാഗും ഉപേക്ഷിച്ച മൊബൈൽ ഫോണുമെല്ലാം കുട്ടികൾ തന്നെ പോലീസിന് എടുത്തുനൽകി.

വീട്ടുപരിസരത്ത് മുക്കാൽ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനിൽ, ബത്തേരി പോലീസ് ഇൻസ്പെക്ടർ കെ.വി. ബെന്നി, അമ്പലവയൽ എസ്.ഐ. സോബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച കൊലപാതകത്തിന് മുമ്പ് മുഹമ്മദ് തന്നെ മർദിച്ചതായി പെൺകുട്ടികളുടെ മാതാവ് നൽകിയ പരാതിയിൽ മുഹമ്മദിന്റെ പേരിലും പോലീസ് കേസെടുത്തു.

തെളിവുകൾ നൽകി, പുസ്തകങ്ങളുമായി മടങ്ങി

തെളിവെടുപ്പിനുശേഷം കുട്ടികൾ മടങ്ങിയത് ആവശ്യമായ പുസ്തകങ്ങളും വസ്ത്രങ്ങളും മുഖാവരണവുമെല്ലാം എടുത്തായിരുന്നു. നാട്ടുകാരുമായി അധികം ബന്ധമില്ലാതെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു മുഹമ്മദിന്റേത്. ഇവിടെനിന്ന് ബഹളം കേട്ടാൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനാൽ ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്നിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തിയപ്പോഴാണ് പരിസരവാസികൾപോലും സംഭവം അറിയുന്നത്.

കുട്ടികളുടെ മാതാവിനെ അടുക്കളയിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തടയുകയും ഇതിനിടയിൽ കുട്ടികളുമായി മുഹമ്മദ് മൽപ്പിടുത്തത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സമയം കുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലും കത്തിയും ഉപയോഗിച്ച് നേരിടുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് കൊല്ലപ്പെട്ടത്. സ്വയരക്ഷയ്ക്കും അമ്മയെ രക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിനിടയിലുണ്ടായ കൊലപാതകത്തിന്റെ തെളിവുകളെല്ലാം നൽകി മൂവരും മടങ്ങി. ഇതോടെ കൊലപാതകം ആസൂത്രിതമല്ലെന്നും കൂടുതൽ പ്രതികളില്ലെന്നും പോലീസിനും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ മാതാവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിലുമാക്കി.

 മാതാവിനെ ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മാതാവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കും. കൊല്ലപ്പെട്ട മുഹമ്മദിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍