പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുത്; സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനം

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനമുയരുന്നു. പള്ളികളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സലാമിന്റെ നിലപാടെന്നാണ് ഉയരുന്ന വിമര്‍ശനം.

‘മുസ്‌ലിം പള്ളികള്‍ ലീഗ് ഓഫീസല്ല. പള്ളികളില്‍ ചോര വീഴാന്‍ ഇടം നല്‍കിയാല്‍ അതിന് ഉത്തരവാദി മുസ്‌ലിം ലീഗാണ്,’ കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് പറഞ്ഞു.

പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികള്‍ പറയുന്നത്.

മുസ്‌ലിം ലീഗിന് പള്ളി മിഹ്‌റാബുകള്‍ വിട്ടുകൊടുക്കാന്‍ ഏതെങ്കിലും സംഘടനകള്‍ സന്നദ്ധമായാലും അത് ഉപയോഗിക്കാതിരിക്കാനുള്ള പക്വത ലീഗ് നേതൃത്വം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍