എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും, വവ്വാലുകള്‍ പണ്ടും ഉണ്ടല്ലോ'; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍


മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേതെന്ന് മുരളീധരന്‍ പറഞ്ഞു. മര്യാദക്ക് ഒരു ക്രിസ്തുമസ് ആഘോഷം നടത്തിയ കാലം മറന്നു, മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അന്നൊന്നും നിപ്പ വന്നിട്ടില്ലെന്നും മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

'എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാട് മുടിയും എന്നൊരു ചൊല്ലുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി മര്യാദക്ക് ഒരു ക്രിസ്തുമസ് ആഘോഷിച്ചോ, ഓണം ആഘോഷിച്ചോ. അതാണ് പറഞ്ഞത്. ഭരിക്കുന്നവന്‍ കൊഴപ്പക്കാരന്‍ ആണെങ്കില്‍ നാട് കൊഴപ്പത്തിലാവും. കേരളത്തില്‍ മുമ്പും വവ്വാലുകള്‍ ഉണ്ടായിരുന്നു അന്നൊന്നും നിപ്പ വന്നില്ല.' മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വെക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ നിലപാടിനേയും മുരളീധരന്‍ വിമര്‍ശിച്ചു. വിശ്വ പൗരന്മാരെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോള്‍ പാര്‍ട്ടിക്കില്ല. പിണറായിയെ കണ്ടുപഠിക്കാന്‍ യുഡിഎഫ് തയ്യാറല്ല. തരൂരുമായി ബന്ധപ്പെട്ട പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍