ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടാണോ തൊലിപ്പുറത്ത് മരുന്ന് പുരട്ടുന്നത്? ഒന്ന് ശ്രദ്ധിക്കൂ,,


തൊലിപ്പുറത്തുണ്ടാകുന്ന പല അസുഖങ്ങൾക്കും ക്രീം, ഓയിന്റ്മെന്റ്, ലോഷൻ, ലിനിമെന്റ്, സ്പ്രേ തുടങ്ങിയ വിവിധ രൂപത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇവയുടെ പ്രവർത്തനം ചർമത്തിൽ തന്നെയാണെങ്കിലും ചില മരുന്നുകൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് പ്രശ്നങ്ങൾക്ക് ഇടയാകാറുണ്ട്.

തൊലിപ്പുറത്തുപയോഗിക്കുന്ന ക്രീമുകളും ഓയിന്റ്മെന്റുകളും കണ്ണിലോ മൂക്കിലോ വായിലോ ആകാതെ സൂക്ഷിക്കണം. മരുന്ന് പുരട്ടിയതിനുശേഷം നന്നായി കഴുകാതെ കോസ്മെറ്റിക്സോ മറ്റ് മരുന്നുകളോ പുരട്ടുന്നത് പ്രതിപ്രവർത്തനത്തിന് കാരണമാകാം. തൊലിപ്പുറത്തുപയോഗിക്കുന്ന പല മരുന്നുകളും പുരട്ടിയതിനുശേഷം വെയിൽ കൊള്ളാതിരിക്കുന്നതാണ് നല്ലത്. കാരണം ചിലത് സൂര്യരശ്മികളുടെ സാന്നിധ്യത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ടെട്രാസൈക്ലിൻ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ അടങ്ങിയ ഓയിന്റ്മെന്റുകൾ ഇതിന് ഉദ്ദാഹരണമാണ്.

കാലാവധി കഴിഞ്ഞ മരുന്നുകൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ലോഷൻ പുരട്ടിയതിനുശേഷം തടവേണ്ട ആവശ്യമില്ല. എന്നാൽ വേദനയ്ക്ക് ഉപയോഗിക്കുന്ന ടർപന്റയിൻ ലിനിമെന്റ് പുരട്ടിയതിനുശേഷം നന്നായി തടവണം. തൊലിപ്പുറത്ത് ഉപയോഗിക്കുന്ന സ്േ്രപ ആണെങ്കിൽ ശരീരത്തിൽ നിന്ന് ആറുമുതൽ എട്ടിഞ്ചുവരെ അകലെ നിന്നുവേണം സ്പ്രേ ചെയ്യാൻ. അതും രണ്ടുമുതൽ മൂന്നുസെക്കൻഡ് വരെയേ സ്പ്രേ ചെയ്യാവൂ. ഭക്ഷണപദാർഥത്തിലോ കണ്ണുകളിലോ ആകരുത്. കത്തിക്കൊണ്ടിരിക്കുന്ന സാധനങ്ങളുടെ അടുത്ത് നിന്ന് സ്പ്രേ ഉപയോഗിക്കരുത്.

ഓയിന്റ്മെന്റുകൾ പുരട്ടുന്നതിന് മുൻപായി കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. ഓയിന്റ്മെന്റുകൾ, ക്രീമുകൾ എന്നിവ കുറച്ചെടുത്ത് അത് സാവധാനം തൊലിപ്പുറത്ത് പുരട്ടുക. കട്ടിയിൽ മരുന്നുകൾ തൊലിപ്പുറത്ത് പുരട്ടുന്നതല്ല കാര്യം. വളരെ നേർത്ത രീതിയിൽ പുരട്ടുമ്പോഴാണ് ഇവ നന്നായി ആഗിരണം ചെയ്യുന്നത്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചതിനുശേഷം തൊലിപ്പുറത്ത് ചൊറിച്ചിലോ തടിപ്പോ അനുഭവപ്പെടുന്നെങ്കിൽ ഉടൻ മരുന്ന് നിർത്തി ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഫിനൈറ്റോയിൻ അടങ്ങിയിട്ടുള്ള ഓയിന്റ്മെന്റുകൾ ദീർഘകാലം ഉപയോഗിക്കുമ്പോൾ വെയിൽ കൊള്ളുന്ന തൊലിപ്പുറത്ത് തവിട്ടുനിറം ഉണ്ടാകാറുണ്ട്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍