റോഡില്‍ തുപ്പല്ലേ... 'സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ്' പ്രചാരണം സംസ്ഥാനത്തും
കോഴിക്കോട്: കോവിഡ് മൂന്നാംതരംഗം മുൻനിർത്തി പൊതുഇടങ്ങളിൽ തുപ്പുന്നതിനെതിരേ സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ് കാമ്പയിൻ സംസ്ഥാനത്തും വ്യാപിപ്പിക്കുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ബ്യൂട്ടിഫുൾ ഭാരത് സംഘടനയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. പൊതുഇടങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണെന്ന കേന്ദ്രമാർഗനിർദേശം വന്നത് 2020 ഏപ്രിലിലാണ്. ഇതിലേക്ക് വഴി തെളിച്ച ബ്യൂട്ടിഫുൾ ബെംഗളൂരു സംഘടനയാണ് പിന്നീട് ബ്യൂട്ടിഫുൾ ഭാരതായത്. ഇതിന്റെ കോ-ഫൗണ്ടർ ഓഡറ്റ് കത്രകിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
വിവിധ സന്നദ്ധ സംഘടനകൾ, ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ്., കോളേജ് വിദ്യാർഥികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചാണ് ബ്യൂട്ടിഫുൾ ഭാരത് ബോധവത്കരണം നടത്തുന്നത്. തുപ്പലിലൂടെ കോവിഡ് മാത്രമല്ല ടി.ബി. പോലുള്ള രോഗങ്ങളും വന്നേക്കും. ഇത്തരം കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ബോധവത്കരണം. വിവിധ ഭാഷകളിലുള്ള പോസ്റ്റർ, ചെറുവീഡിയോകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആദ്യപടിയായി തിരുവനന്തപുരത്ത് റോട്ടറിക്ലബ്ബുമായി ചേർന്ന് വെബിനാർ നടത്തി. ഓരോ ജില്ലയിലും വൊളന്റിയർമാർ വഴിയാണ് പ്രവർത്തനം. രാജ്യത്തൊട്ടാകെ 80-ൽ ഏറെ സന്നദ്ധ സംഘടനകൾ ഭാഗമായിട്ടുണ്ട്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ടുൾപ്പെടെ ഉദ്യമത്തിൽ പങ്കാളികളായി്.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ചുമത്താനാകും. കേന്ദ്രമാർഗനിർദേശം വരുംമുമ്പേ സുൽത്താൻബത്തേരിയിലും കോഴിക്കോട്ടും ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചിരുന്നു. കോവിഡ് കാലത്ത് സർക്കാർ തുപ്പല്ലേ തോറ്റുപോകും എന്ന രീതിയിലും പ്രചാരണം നടത്തി. കോവിഡ് ഇളവുകൾക്കൊപ്പം പഴയശീലങ്ങളും തിരിച്ചുവരുകയാണ്. ആ സാഹചര്യത്തിലാണ് കാമ്പയിൻ. ഒരാൾ തുപ്പലിലൂടെ പലരിലേക്കും രോഗം പകർത്തുകയാണ്. മാസ്ക് ഉണ്ടെങ്കിലും അത് മാറ്റി തുപ്പുന്നവരുണ്ട്. ആ സ്ഥിതി മാറണം. ജനങ്ങൾ കൂടുതലായി എത്തുന്ന ബസ് സ്റ്റാൻഡ്, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോധവത്കരണം നടത്തും- ഓഡറ്റ് കത്രക് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍