പൊലീസ് പരിശോധന, നാട്ടുകാരുടെ തിരച്ചിൽ; നാടിനെ ആശങ്കയിൽ നിർത്തി എട്ടാം ക്ലാസുകാരന്റെ ഒളിച്ചുകളി...

അലങ്കാര മത്സ്യങ്ങളെ വാങ്ങികൊടുക്കാത്തതിന് അമ്മയേയും സഹോദരനേയും വീടിനുള്ളിൽ പൂട്ടിയിട്ടിട്ട് എട്ടാം ക്ലാസുകാരൻ പട്ടിക്കൂട്ടിൽ ഒളിച്ചിരുന്നത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം. വളർത്താൻ അലങ്കാര മത്സ്യങ്ങളെ വാങ്ങികൊടുക്കണമെന്ന് കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. വിദേശത്തായ അച്ഛൻ അടുത്ത മാസം നാട്ടിൽ വരുമ്പോൾ വാങ്ങി നൽകാമെന്നു അമ്മ പറഞ്ഞു. ഇതിൽ പ്രകോപിതനായ കുട്ടി വീട് പുറത്തു നിന്നു പൂട്ടിയ ശേഷം പട്ടിക്കൂട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരനും പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്നു ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധു വീടുകളിലൊന്നും കുട്ടി ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ പൊലീസിൽ വിവരമറിയിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപമുള്ള പൊലീസ് സ്റ്റേഷനുകളിലും കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറി. സമൂഹമാധ്യമങ്ങളിൽ കുട്ടിയെ കാണാനില്ല എന്ന സന്ദേശങ്ങൾ എത്തി.

പല സ്ഥലങ്ങളിലും കുട്ടിയെ കണ്ടതായുള്ള സംശയം വന്നതോടെ പൊലീസും നാട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഉൗർജിതമാക്കി. നഗരത്തിൽ കുട്ടിയെ കണ്ടതായി ചിലർ സംശയം പ്രകടിപ്പിച്ചതോടെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചു. പൊലീസും നാട്ടുകാരും അന്വേഷണം ഉൗർജിതമായി നടത്തുന്നതിനിടെ രാത്രി 9 മണിയോടെ പട്ടിക്കൂട്ടിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍