സിസിടിവി ദൃശ്യങ്ങൾ കുരുക്കി; ബൈക്കിലെത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് : കാക്കൂരില്‍ ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി നയിമുദീന്‍ ആണ് പിടിയിലായത്. മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. 

ചേളന്നൂര്‍ പഞ്ചായത്ത് ഓഫിസില്‍ പോയി മടങ്ങി വരികയായിരുന്ന വയോധികയാണ് കവര്‍ച്ചയ്ക്കിരയായത്. ബൈക്കില്‍ അതിവേഗത്തില്‍ എത്തിയ മോഷ്ടാവ് വയോധികയുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈ‌ലും മോഷ്ടിച്ച് കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നവംബര്‍ 23നാണ് മോഷണം നടന്നത്. പ്രദേശത്തെ അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അതില്‍ നിന്നാണ് മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ ബൈക്കില്‍ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ലഹരിയ്ക്കടിമപ്പെട്ട് ചെയ്തതാണെന്നാണ് പ്രതി നയിമുദീന്‍ നല്‍കിയ മൊഴി. പ്രതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വയോധികയുടെ തട്ടിയെടുത്ത ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പണവും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍