കൂടുതൽ സമയം, പക്കാ ജോലി, മോഷണം മുതൽ കൊലപാതകം വരെ; ‘അതിഥി’കളുടെ ജീവിതം ഇവിടെയെങ്ങനെ..?


കോഴിക്കോട്• ജില്ലയിലെ സ്വകാര്യ ബസുകളിലെല്ലാം അതിരാവിലെയും വൈകിട്ടുമുള്ള പതിവുകാഴ്ചയാണു കൂട്ടം കൂട്ടമായി യാത്ര ചെയ്യുന്ന തൊഴിലാളികൾ. പക്ഷേ അതിലൊന്നും മലയാളികളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനാവില്ല. ഹിന്ദിയും ഭോജ്പുരിയും മുതൽ ഒഡിയയും അസമീസുമടക്കം ഉയരുന്ന ഈ സംഘങ്ങളിൽ നിന്നാണു നമ്മുടെയൊക്കെ പ്രദേശങ്ങളിൽ നിർമാണജോലി മുതൽ മരത്തിൽ കയറുന്നതിനു വരെയുള്ള തൊഴിലാളികളെത്തുന്നത്.

കൂടുതൽ സമയം, പക്കാ ജോലി

എത്രനേരം വേണമെങ്കിലും ജോലി ചെയ്യുമെന്നതും ഇടവേള കുറവാണെന്നതുമാണ് അതിഥിത്തൊഴിലാളികളെക്കുറിച്ച് ഓർക്കുമ്പോൾ മലയാളികളെ ഹഠാദാകർഷിക്കുന്നത്. ബിഹാർ, ബംഗാൾ, അസം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ മേഖലകളിൽ നിന്നുള്ള തൊഴിലാളികളാണ് ജില്ലയിലെത്തുന്നവരിൽ ഏറെയും. അൺ സ്കിൽഡ് അഥവാ ചെറുകിട നിർമാണ ജോലികളടക്കമുള്ളവയാണ് ഇവരിലേറെയും ചെയ്യുന്നത്. അതേസമയം മണിപ്പുർ, യുപി, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിൽ നിന്നെത്തുന്നതിലേറെയും സ്കിൽഡ് വർക്കർമാരാണ്. കുറേക്കൂടി മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളാണ് ഇവർക്ക്.

ബ്യൂട്ടി പാർലർ, സലൂണുകൾ, ഹോട്ടലുകളിലെ പാചകം, വർക് ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് ഇവരെത്തുന്നത്. വേതനവും കൃത്യമായ രേഖകളും ഇവർക്കുണ്ട്. മിക്കവരും ഇവിടെയെത്തി ഉടനെതന്നെ കുടുംബങ്ങളെയും ഇങ്ങോട്ടു കൊണ്ടുവരുന്നു. മക്കളെ ‘മളയാളി’ സ്കൂളിൽ പഠിപ്പിക്കുന്നതിൽ ഇവർക്കൊക്കെ സന്തോഷവുമാണ്. ചെറുകിട ജോലിക്കായെത്തുന്നവർ മിക്കവാറും ഒറ്റയ്ക്കാണെത്തുന്നത്. ഇവരാണു കൂട്ടമായി താമസിക്കുന്നതും. ഒരാൾ പോയാൽ നാട്ടിലെ രണ്ടോ മൂന്നോ പേരെയും കൂട്ടിയാണു തിരികെയത്തുന്നത്. ഇവർ ഒരുമിച്ച് ജോലിക്ക് പോകുന്നു. ഇത്തരം സംഘങ്ങളുടെ ഇടയിലാണ് സംഘർഷങ്ങൾ കൂടുതലായി ഉണ്ടാകുന്നത്.

കണക്കെടുക്കാന്‍ ആകാതെ തൊഴിൽവകുപ്പും പൊലീസും

പന്തളത്ത് അടക്കമുണ്ടായ അതിഥിത്തൊഴിലാളികളുൾപ്പെട്ട കേസുകൾ അന്വേഷിച്ചു പൂർത്തിയാക്കിയത് ഒഴിവാക്കിയാൽ മറ്റു കാര്യമായ പരിശോധനകളൊന്നും ഇവരെ സംബന്ധിച്ച് ഇല്ലെന്ന പരാതി വ്യാപകമാണ്. താൽക്കാലികമായി തയാറാക്കിയ ഷെഡ് മുതൽ ബഹുനില കെട്ടിടങ്ങൾ വരെ അതിഥിത്തൊഴിലാളികളുടെ വാസകേന്ദ്രങ്ങളാണ്. എവിടെയൊക്കെ ക്യാംപുകളുണ്ടെന്നും എത്ര പേർ താമസിക്കുന്നുണ്ടെന്നും പൊലീസിന്റെ പക്കൽ കണക്കില്ല.

കേസുകളിൽ അതിഥികളും

കാര്യം തൊഴിൽമേഖലയുടെ പ്രധാനഭാഗമൊക്കെയാണെങ്കിലും ജീവിതത്തിലെ അച്ചടക്കത്തിന്റെ കാര്യത്തിൽ അതിഥിത്തൊഴിലാളികൾ അൽപം പിന്നിലാണ്. എല്ലാവരും അങ്ങനെയെന്നല്ല. പക്ഷേ അതിഥിത്തൊഴിലാളികൾ പ്രതികളായി ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളിൽ മോഷണം മുതൽ കൊലപാതകം വരെയുണ്ട്. മോഷണവും പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ചതും ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ഇവർ പ്രതികളായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി നവംബർ 9നാണ്, അതിഥിത്തൊഴിലാളിയായ ബംഗാൾ മാൾഡ ഹരിഷ് ചന്ദ്രപൂർ ബോറൽ ഗ്രാം സൺപൂരത്തിൽ ഫനീന്ദ്രദാസിനെ പന്തളത്തിനടുത്തു കടയ്ക്കാട് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ബംഗാൾ സ്വദേശിയും ഇയാളുടെ സുഹൃത്തുമായിരുന്ന‍ ബിഥൻചന്ദ്ര സർക്കാരായിരുന്നു പ്രതി. മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കെട്ടിടത്തിലെ വ്യത്യസ്ത മുറികളിലായിരുന്നു ഇരുവരും താമസം.

ജില്ലയിലെ കണക്കുകൾ

2020 മേയിലെ തൊഴിൽ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ പതിനാറായിരത്തിലേറെപ്പേരാണു വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്തിരുന്നത്. കോവിഡ് കാലത്തു തിരികെപ്പോയത് 10844 പേരാണ്. ഇതിൽ 7059പേർ ബംഗാളിൽ നിന്നും 1557പേർ ബിഹാറിൽ നിന്നുമാണ്. അതേസമയം നിലവിലെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നു ജില്ലാ ലേബർ ഓഫിസ് അധികൃതർ പറയുന്നു. വൻകിട നിർമാണ ജോലികൾക്കായി വിവിധ കമ്പനികൾ എത്തിക്കുന്ന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ലഭ്യമാണ്. ഇത് ആയിരത്തോളം പേർ വരും. എന്നാൽ മറ്റുള്ളവർ ജില്ലയിൽ ഒരിടത്തുപോലും സ്ഥിരമായി താമസമില്ലെന്നതു വിവരശേഖരണത്തിനു വിലങ്ങുതടിയാകുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍