ഗതാഗത നിയമലംഘനം ഇനി കേന്ദ്രത്തിന്റെ കണ്ണിലും പെടും ; വണ്ടിയിറക്കുമ്പോൾ സൂക്ഷിച്ചോ...!
തിരുവനന്തപുരം• റോഡിലെ ഗതാഗത നിയമലംഘനങ്ങൾക്കു മേൽ ഇനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയും കണ്ണു പതിയും. കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പൂർണമായും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) അടുത്തയാഴ്ച നിലവിൽ വരും.
നിലവിൽ ഇതു സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ പരിധിയിലാണ്. ഗതാഗത നിയമലംഘനങ്ങൾ ക്യാമറയിൽ പകർത്തിയ ഉടൻ, വാഹന ഉടമയുടെ നമ്പറിൽ എസ്എംഎസ് ആയി നൽകും. നോട്ടിസ് തപാൽവഴിയും.15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ഇ– ചെലാനായി വെർച്വൽ കോടതിയിലേക്കു പോകും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ നമ്പറാണ് ക്യാമറയിൽ ശേഖരിക്കുന്നത്.
ചിത്രം, വിഡിയോ എന്നിവ നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) സെർവറിലേക്കു വരും. ഇൗ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും പിഴയുമടക്കം പരിവാഹൻ സോഫ്റ്റ്‌വെയറിലേക്ക് നൽകും. പിഴയടച്ചില്ലെങ്കിൽ വാഹനത്തെ വിലക്കുപട്ടികയിൽ പെടുത്തും. പിന്നെ നികുതി, ഫിറ്റ്നസ് ഉൾപ്പെടെ എല്ലാ ഇടപാടുകളും സാധിക്കാതെ വരും. എന്നാൽ വിലക്കുപട്ടികയിൽ പെടുത്തിയ വാഹനങ്ങൾക്ക് അതിന്റെ പേരിൽ സേവനങ്ങൾക്കു തടസ്സമുണ്ടാക്കരുതെന്നു ഹൈക്കോടതിയുടെ വിധി നേരത്തേയുണ്ടായിരുന്നു.
ഇനി രാജ്യം മുഴുവൻ ഇൗ സംവിധാനം നടപ്പാക്കുമ്പോൾ വിധിയുടെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത തേടും. ആംബുലൻസ് പോലെ അത്യാവശ്യ സർവീസുകളെ ഒഴിവാക്കും. ക്യാമറകളെല്ലാം പ്രവർത്തിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് മോട്ടർ വാഹനവകുപ്പ് ആർക്കും അപ്‌ലോഡ് ചെയ്യാം. ട്രാഫിക് നിയമലംഘനങ്ങൾ ആർക്കും ചിത്രം സഹിതം അപ്‌ലോഡ് ചെയ്യാവുന്ന സൗകര്യവും പുതിയ സിസ്റ്റത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍