എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു; കര്‍ഷക സമരം പിന്‍വലിച്ചേക്കും
ന്യൂഡൽഹി: കഴിഞ്ഞ 15 മാസത്തിലേറെയായി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കർഷക പ്രക്ഷോഭത്തിന് പരിസമാപ്തിയാകുന്നു. താങ്ങുവില അടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മിക്കവതും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കർഷക സംഘടനകൾക്ക് രേഖാമൂലം ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്. സർക്കാർ മുന്നോട്ടുവെച്ച ഈ നിർദേശങ്ങളിൽ കർഷക സംഘടനകൾ ചർച്ച നടത്തുകയാണ്. തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുന്നതിന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ മാധ്യമങ്ങളെ കാണും.
എംഎസ്പി സംബന്ധിച്ച കാര്യങ്ങൾക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോൽ കത്തിച്ചതിന് കർഷകരുടെ പേരിലുള്ള മുഴുവൻ കേസുകളും പിൻവലിക്കുമെന്നും സർക്കാർ കർഷക സംഘടനകൾക്കയച്ച കത്തിൽ വ്യക്തമാക്കി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കർഷകരുടെ മറ്റു ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് ഹരിയാന സർക്കാരും കർഷകർക്ക് കത്ത് നൽകിയേക്കും. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും തങ്ങൾ ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നായിരുന്നു നേരത്തെ കർഷക സംഘടനകൾ എടുത്ത നിലപാട്. ഇപ്പോൾ തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് കർഷകർ സമരത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങുന്നത്.
കർഷകരുടെ ആവശ്യങ്ങൾ ഇവ
ഉൽപാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എംഎസ്പി എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എല്ലാ കർഷകർക്കും നിയമപരമായ അവകാശമാക്കണം.
കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബിൽ 2020/2021 പിൻവലിക്കുക.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കർഷകരെ ശിക്ഷിക്കുന്നതിനുള്ള എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ വ്യവസ്ഥകൾ നീക്കംചെയ്യുക
ഡൽഹി, ഹരിയാണ, ചണ്ഡീഗഢ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് കർഷകർക്കെതിരെയുള്ള കേസുകൾ ഉടൻ പിൻവലിക്കുക.
ലഖിംപൂർ ഖേരി സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.
പ്രക്ഷോഭത്തിൽ 700 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. മരിച്ച കർഷകരുടെ സ്മരണയ്ക്കായി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍