കാനത്തിൽ ജമീലയുടെ പിൻ​ഗാമിയായി റസിയ; പേരിലെ സാമ്യം പോലും യു‍ഡിഎഫിനെ തുണച്ചില്ല

കോഴിക്കോട്‌: കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നന്മണ്ട ജില്ലാ പഞ്ചായത്തിലേക്ക് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാനത്തിൽ ജമീലയുടെ (കെ ജമീല) ഔദ്യോ​ഗിക നാമമുള്ള അതേ സ്ഥാനാർത്ഥി കളത്തിലിറക്കി യുഡിഎഫ് നന്മണ്ട പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സിപിഐഎം സ്ഥാനാർത്ഥി റസിയ തോട്ടായി 6766 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നന്മണ്ടയിൽ വിജയിച്ചു കയറി.

യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി കെ ജമീലയ്ക്ക് 12615 വോട്ട് ലഭിച്ചപ്പോൾ സിപിഐഎം സ്ഥാനാർത്ഥി 19381 വോട്ട് നേടാനായി. വലിയ ശക്തിയല്ലാത്ത ബിജെപിക്ക് 4544 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജയെയാണ് ബിജെപി രം​ഗത്തിറക്കിയത്. ഏറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പ്രദേശമാണ് നന്മണ്ട. 2020ൽ കാനത്തിൽ ജമീല വമ്പൻ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 8094 വോട്ടിന്റെ അന്നത്തെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സിപിഐഎമ്മിന് നഷ്ടമാണ്.

കാനത്തിൽ ജമീലയുടെ അതേ പേരുള്ള സ്ഥാനാർത്ഥിയെ ഇറക്കുന്നതിലൂടെ ചെറിയൊരു ശതമാനം വോട്ടെങ്കിലും പോക്കറ്റിലാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നന്മണ്ട പിടിച്ചടക്കാൻ ഇത് മതിയാകുമായിരുന്നില്ല. ഇന്നലെ പ്രഖ്യാപിച്ച ഉപതെരെഞ്ഞെടുപ്പു ഫലം ഏറെക്കുറേ എൽഡിഎഫിന് അനുകൂലമാണ്. പിറവത്തും കൊച്ചി കോർപ്പറേഷനിലും നേടിയ നിർണായക വിജയങ്ങൾ സിപിഐഎം പാളയത്തിന് ആശ്വാസമാണ്. എന്നാൽ ഇടമലക്കുടിയിലെ അട്ടിമറി തോൽവി പാർട്ടിക്ക് ആഘാതമാവും. ഒരു വോട്ടിനാണ് സിപിഐഎം സിറ്റിം​ഗ് സീറ്റ് ഇടമലക്കുടിയിൽ ബിജെപി പിടിച്ചെടുത്തത്.

ഇടമലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥി ചിന്താമണി 39 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥി ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളെ നേടാനായുള്ളു. കോൺ​ഗ്രസ് സ്ഥാനാർത്ഥി വാർഡിൽ പിടിച്ച 15 വോട്ടുകളും നിർണായകമായി. ഈയൊരു വാർഡിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനായത്. പിറവത്തെ പതിനാലാം ഡിവിഷനിലാണ് ബിജെപിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്. വെറും 6 വോട്ടാണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍