റോഡരികിൽ മാലിന്യനിക്ഷേപം: സർവീസ് സ്റ്റേഷൻ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി

താമരശ്ശേരി : കോരങ്ങാട് അൽഫോൺസാ സ്കൂൾ റോഡിലെ ടി.ടി. മുക്ക് ജങ്ഷനിൽ പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയിട്ടു. പൂനൂരിൽ പ്രവർത്തിക്കുന്ന സർവീസ് സ്റ്റേഷൻ ഉടമയ്ക്ക് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തിയത്. ബുധനാഴ്ച രാവിലെയാണ് റോഡരികിൽ മാലിന്യം കണ്ടെത്തിയത്.ഇതേ സ്ഥലത്ത് കഴിഞ്ഞതവണ മാലിന്യം തള്ളിയ കൊടുവള്ളിയിലെ ബാക്കറി ഉടമയ്ക്ക്10000 രൂപ പിഴ ചുമത്തിയിരുന്നു.ഇതേ സ്ഥലത്താണ് വീണ്ടും മാലിന്യം  നിക്ഷേപിച്ചത്.

മാലിന്യത്തിൽനിന്ന് കണ്ടെടുത്ത കടലാസുകളിൽ നിന്നുള്ള സൂചനയനുസരിച്ച് ബന്ധപ്പെട്ടപ്പോഴാണ് മാലിന്യം തള്ളിയയാളെ തിരിച്ചറിഞ്ഞത്. താമരശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.സമീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ജയ്‌സൻ നെടുമ്പാല പിഴ ചുമത്തുകയായിരുന്നു. 

ഗ്രേഡ് എസ്.ഐ. പുരുഷോത്തമൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വി. സമീർ, ഹരിതം സുന്ദരം താമരശ്ശേരി പദ്ധതി കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, ജലീൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാലിന്യനിക്ഷേപം നടത്തിയയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസാവസാനം നാട്ടുകാർ ശുചീകരണം നടത്തി 26 ചാക്കോളം വരുന്ന അജൈവ മാലിന്യം ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറിയ പ്രദേശത്താണ് വീണ്ടും മാലിന്യം തള്ളിയത്. അതേസമയം സ്ഥലത്ത് സിസിടിവി ഉൾപ്പെടെ സ്ഥാപിക്കാൻ പഞ്ചായത്തുമായി  സഹകരിക്കാൻ തയ്യാറാണെന്ന് മലയിൽ റസിഡൻസി ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍