കൂട്ടബലാൽസംഗത്തിന് ഇരയായ അതിജീവിത; പിടിച്ചിറക്കി അപമാനിച്ചു; അതിക്രൂരം
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ അതിജീവിതയെ പൊതുമധ്യത്തില്‍ അപമാനിച്ചു. മുഖത്ത് കരി ഒായില്‍ പുരട്ടി ചെരുപ്പ് മാല അണിയിച്ച യുവതിയെ ജനക്കൂട്ടം നഗരപ്രദക്ഷിണം ചെയ്യിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിക്രമത്തില്‍ നാല് വനിതകള്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ അതിജീവിത നേരിട്ടത് സമാനതകളില്ലാത്ത അപമാനമാണ്. കിഴക്കന്‍ ഡല്‍ഹിയിലെ സഹാദ്രയിലാണ് സംഭവം. തല മൊട്ടയടിച്ച്, മുഖത്ത് കരിഒായില്‍ ഒഴിച്ച് നഗരമധ്യത്തിലൂടെ നടത്താന്‍ നേതൃത്വം നല്‍കിയതിലേറെയും സ്ത്രീകളായിരുന്നു. ദൃശ്യങ്ങള്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പുറത്തുവിട്ടു. എല്ലാം കണ്ടു നിന്ന ആള്‍ക്കൂട്ടം അതിക്രമങ്ങളെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതിക്രമത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കത്തയച്ചതായി സ്വാതി മലിവാള്‍ പറഞ്ഞു. സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ കുടുംബമാണ് അതിജീവിതയെ അപമാനിച്ചതിന് പിന്നില്‍. യുവാവിന്‍റെ ആത്മഹത്യക്ക് കാരണം യുവതിയാണെന്ന് കുടുംബം ആരോപിക്കുന്നു. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നയാളുകള്‍ സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത് ഈ കുടുംബത്തിന്‍റെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. യുവാവിന്‍റെ അമ്മാവനാണ് അതിജീവിതയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി സമൂഹ മധ്യത്തിലേക്ക് കൊണ്ടുപോയത്. ബലാല്‍സംഗക്കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കാനും വനിതാ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍