ആറുപേർ ലഹരിമരുന്നുമായി പിടിയിൽ; പൊലീസിനെ കണ്ട് ഫ്ലാറ്റിൽനിന്ന് താഴേക്ക് ചാടി യുവാവ്
കാക്കനാട്: പുതുവർഷാഘോഷത്തിന് എത്തിച്ച ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ ആറുപേരെ പൊലീസ് പിടികൂടി. കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടിൽ ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലിൽ വീട്ടിൽ അനീഷ് (25), കരുനാഗപ്പള്ളി കടവത്തൂർ സ്വദേശി നസീം നിവാസിൽ എസ്. നജീബ് (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാക്കനാടിന് സമീപം മില്ലുംപടിയിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. ഫ്ലാറ്റിൽ മയക്കുമരുന്ന് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. പൊലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) കാക്കനാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്ലാറ്റിലെ താമസക്കാരനായിരുന്ന ഇയാൾ ബാൽക്കണിയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു. താഴെ കാർ ഷെഡിന് മുകളിൽ വീണ അതുൽ ഷെഡിന്റെ ഷീറ്റ് തുളഞ്ഞ് നിലത്തുവീഴുകയായിരുന്നു. അപകടത്തിൽ ഇയാളുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചികിത്സക്കുശേഷം ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
വെള്ളിയാഴ്ച ഉച്ചമുതൽ നടന്ന പരിശോധനയിൽ എം.ഡി.എം.എയും ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. പിടിയിലായവരിൽ പലരും ഫ്ലാറ്റിലെ താമസക്കാരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ വെള്ളിയാഴ്ച രാത്രി തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍