വീൽ ചെയറുകളിൽ അവരെത്തി; നവ്യാനുഭവമായി പുതുവത്സര സ്നേഹ സംഗമം


താമരശ്ശേരി
: വീൽ ചെയറുകളിലെത്തി സ്നേഹവും സൗഹാർദ്ദവും  ഊട്ടിയുറപ്പിച്ച് അവർ പുതുവർഷദിനത്തെ അന്വർത്ഥമാക്കി. പുതു പ്രതീക്ഷകളുമായി മുന്നേറാനുള്ള ഊർജ്ജം സ്വന്തമാക്കിയാണ് സ്നേഹ സംഗമത്തിൽ നിന്നും അവർ എല്ലാവരും മടങ്ങിയത്. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ (എ.കെ.ഡബ്യു.ആർ.എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (എസ്.ഡബ്യു.എസ്) സഹകരണത്തോടെ താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി. സ്കൂൾ ഓഡിറ്റോറിയത്തിൽ  സ്നേഹസംഗമം, പ്രതിഭാ സംഗമം, ആരോഗ്യ ബോധവത്ക്കരണ സെമിനാർ തുടങ്ങിയവ സംഘടിപ്പിച്ചത്. പരിപാടികൾ  ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പ്രസംഗം എം.എൽ.എ. അവസാനിപ്പിച്ചത് പാട്ട് പാടിയായിരുന്നു. 

ഇതോടെ വീൽ ചെയറുകളിൽ ഇരുന്ന് അവർ കൈയടിച്ച് താളം പിടിച്ചു കൊണ്ടിരുന്നു.  വീൽ ചെയറുകളിൽ കഴിയുന്ന വിവിധ മേഖലകളിൽ പ്രതിഭകളായ പി.കെ. മുഹമ്മദലി, റീജ കൃഷ്ണ, ബവീഷ് ബാൽ, മുഹമ്മദ് നഈം, പി. ഇന്ദു എന്നിവരെ എം.എൽ.എ മെമെൻ്റോകൾ നൽകി ആദരിച്ചു. പുതുവർഷാഘോഷത്തിൻ്റെ കേക്ക് മുറിക്കലും എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. 


താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗദാ ബീവി, ഫസീല ഹബീബ്, എ.കെ.ഡബ്യു.ആർ.എഫ്. ജില്ലാ പ്രസിഡൻ്റ് പി.കെ. മുഹമ്മദലി, രതീഷ് വെളിമണ്ണ, ആയിഷ, ബുഷ്റ, മുഹമ്മദ് നഈം, സി. ഹുസൈൻ, ഷമീർ ബാവ തുടങ്ങിയവർ പ്രസംഗിച്ചു. ഉപഹാരവിതരണം താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ജ്യോതി മാനോത്ത് നിർവഹിച്ചു. എസ്.ഡബ്യു.എസ്. പ്രസിഡൻറ് വി.പി. ഉസ്മാൻ സ്വാഗതവും ഉസ്മാൻ പി. ചെമ്പ്ര നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍