കുഞ്ഞിനെ തട്ടിയെടുത്തത്​ വ്യക്തിപരമായ പ്രശ്‌ന പരിഹാരത്തിന്​; ഒരാൾ കൂടി പിടിയിൽ


കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്​ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്​ വ്യക്തിപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌ന പരിഹാരത്തിനായാണെന്ന്​ സൂചന. നീതു നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നീതുവിന്‍റെ ആൺസുഹൃത്തിനെ ​ഗാന്ധിനഗർ പൊലീസ്​ രാത്രി വൈകി എറണാകുളത്തുനിന്ന്​ പിടികൂടി.

തിരുവല്ല സ്വദേശി നീതുവിന്‍റെ വിവാഹം 11 വര്‍ഷം മുമ്പ്​ കഴിഞ്ഞിരുന്നു. ഭര്‍ത്താവ് തുര്‍ക്കിയിലാണെന്നാണ്​ പൊലീസിന്​ മൊഴി നല്‍കിയിരിക്കുന്നത്​. നാളുകളായി കളമശ്ശേരിയിലെ ഫ്ലാറ്റില്‍ വാടകക്ക്​ താമസിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇവർക്കൊപ്പമുണ്ടായിരുന്ന ആറുവയസ്സുകാരൻ സ്വന്തം കുഞ്ഞുതന്നെയാണ്​. സമീപത്തെ മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന്​ കോട്ട് വാങ്ങിയാണ്​ ആശുപ​ത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക്​ പോയത്. 

അതേസമയം, നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടം വിളിച്ച കോളില്‍ സംശയം തോന്നി; ഗൈനക്കോളജി വാര്‍ഡില്‍ നിന്നും മോഷ്ടിച്ച കുഞ്ഞിനെ കണ്ടെത്തിയത് ടാക്‌സി ഡ്രൈവര്‍ അലക്‌സിന്റെ ജാഗ്രത

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കാണാതായ നവജാത ശിശുവിനെ കണ്ടെത്താന്‍ നിര്‍ണായകമായത് ടാക്‌സി ഡ്രൈവറുടെ ജാഗ്രത.

ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ സ്ത്രീ മെഡിക്കല്‍ കോളേജില്‍ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പോലീസിന്റെ കസ്റ്റഡിയിലാണ്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.

ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകര്‍ച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.

സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാല്‍ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അല്‍പം നേരം കഴിഞ്ഞാണ് ഇവര്‍ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.

തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തിയ യുവതി ഇവിടെ നിന്നും ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു.

കുഞ്ഞുമായി ഹോട്ടലില്‍ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും അലക്‌സ് എന്നയാളുടെ ടാക്‌സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്‌സ് ഇവരെ അറിയിച്ചു.

തുടര്‍ന്ന് അലക്‌സ് ഹോട്ടല്‍ മാനേജറേയും മാനേജര്‍ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പോലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു (23 വയസ്സ്) ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇവരെ കോട്ടയം എസ്പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍