പങ്കാളികളെ പരസ്പരം കൈമാറല്‍, വഴിത്തിരിവായത് വീട്ടമ്മയുടെ പരാതി; നേരത്തെ കായംകുളത്തും
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തിൽ നിരവധി പേരുണ്ടെന്ന സൂചന നൽകി പോലീസ്. കപ്പിൾ ഷെയറിങ് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. കറുകച്ചാൽ സ്വദേശിയായ ഭർത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭർത്താവ് അടക്കമുള്ളവരെ പിടികൂടിയത്. ഇവരിൽനിന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.
ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ കൈമാറുന്നവർക്ക് പണം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നായി ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവായ കറുകച്ചാൽ പത്തനാട് സ്വദേശിയും ഇതിലുൾപ്പെടും. വലിയ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് പിന്നിലുള്ളതെന്നും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പോലീസ് പറയുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാൽ സംഭവം അതീവഗൗരവതരമായാണ് പോലീസ് കാണുന്നത്. അതിനാൽതന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കൾ ഷെയർ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറൽ) താത്പര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവർ ഭാര്യമാരെ കൈമാറിയിരുന്നത്.
കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ നടക്കുന്നതായി പോലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരാതികൾ വരുമ്പോൾ മാത്രമേ പോലീസിന് അന്വേഷണം നടത്താനാകൂ. ഇതിൽ ഉൾപ്പെട്ട പലരും പരസ്പര സമ്മതത്തോടെയാണ് ഇതിന് തയ്യാറാകുന്നതെന്നും പോലീസ് കേന്ദ്രങ്ങൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍