'കൂടെ പഠിക്കുന്ന ചങ്ങാതിയുടെ നെഞ്ചില് കുത്തുന്നതാണോടാ ക്യാമ്പസ് രാഷ്ട്രീയം'; കെഎസ്.യു പാനലിനെതിരെയും പ്രതിഷേധം


ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുത്തികൊന്നതിന് പിന്നാലെ കോളേജിലെ കെഎസ്.യു പാനലിനെതിരെയും ശക്തമായ പ്രതിഷേധം. കേസില്‍ പിടിയിലായ നിഖില്‍ പൈലി പിന്തുണച്ച കെഎസ്.യു പ്രവര്‍ത്തകന് നേരെയാണ് പ്രതിഷേധം ഉയരുന്നത്.

'എതിര്‍ പക്ഷത്തുള്ളവരെ കൊന്നു കളയാന്‍ പാര്‍ട്ടിയെ എല്‍പ്പിച്ചിട്ടാണോ മത്സരിക്കാന്‍ പോയത്?', 'ഇതാണോടാ നിന്റെ പാര്‍ട്ടി പ്രവര്‍ത്തനം', 'കൂടെ പഠിക്കുന്ന ചങ്ങാതിയുടെ നെഞ്ചില് കുത്താന്‍ എങ്ങനെ തോന്നി', 'ആളെ കൊന്നാണോ കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്', 'സ്വന്തം സഹപാഠിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുത്തിക്കൊല്ലാന്‍ നിനക്കൊക്കെ എങ്ങനെ കഴിയുന്നു'. തുടങ്ങിയ പരാമര്‍ശങ്ങളാണ് പാനലിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

അതേസമയം, ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടി. ഇടുക്കി കരിമണലില്‍ നിന്ന് ബസില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖില്‍ പൈലിയെ കണ്ടെത്താനായത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

മണിയാറംകുടി സ്വദേശി നിഖില്‍ പൈലിക്ക് 
ഉന്നത കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖില്‍ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നിഖില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ വെളിപ്പെടുത്തിയത്. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ഉടന്‍ നിഖില്‍ പൈലിയും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപെടുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍