കിനാലൂർ കൈതച്ചാൽ പുലി ഭീതിയിൽ

ബാലുശ്ശേരി ∙ കിനാലൂർ കൈതച്ചാൽ പ്രദേശം പുലി ഭീതിയിൽ. ഇന്നലെ റബർ ടാപ്പിങ് നടത്തുന്നതിനിടെ കെ.സി.രാജനാണ് മരത്തിനു മുകളിൽ കിടക്കുന്ന പുലിയെ കണ്ടത്. അൽപ സമയത്തിനു ശേഷം മരത്തിൽ നിന്ന് ഇറങ്ങിയ പുലി മലമുകളിലേക്ക് കയറി പോവുകയും ചെയ്തു. രണ്ടാഴ്ചയിൽ അധികമായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാർ സംശയിക്കുന്നുണ്ട്. പുലിയെ കണ്ടെന്ന് ഉറപ്പിച്ചതോടെ വാർഡ് മെംബർ ഷാജി കെ.പണിക്കരുടെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. 
ഉദ്യോഗസ്ഥർ ഉടൻ സ്ഥലം സന്ദർശിക്കും. വളർത്തുമൃഗങ്ങളെ ഉപജീവനത്തിന് ആശ്രയിക്കുന്നവർ ഉറക്കമൊഴിഞ്ഞ് പടക്കം പൊട്ടിച്ച് കാവൽ നിൽക്കുകയാണ്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിച്ചതു മുതൽ കാർഷിക ജോലികൾക്കായി മലമുകളിലേക്ക് പോകാൻ തൊഴിലാളികൾ ഭയപ്പെടുന്നു. കൈതച്ചാൽ ആണ്ടിയുടെ വീട്ടിലെ പ്രസവിച്ചു കിടക്കുന്ന വളർത്തുനായയെ കൊന്നു തിന്നത് പുലിയാണെന്ന് കരുതുന്നു. പുലി ഭീതി കാരണം ഇദ്ദേഹം 3 പശുക്കളെ വിറ്റ് ഒഴിവാക്കി. 

പശുക്കൾക്ക് തീറ്റപ്പുൽ അരിയാൻ മലമുകളിലേക്ക് പോകാനും കഴിഞ്ഞിരുന്നില്ല. രാവിലെയും വൈകിട്ടും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു. ഒട്ടേറെ വളർത്തു നായ്ക്കളെയും തെരുവ് നായ്ക്കളെയും കാണാതായിട്ടുണ്ട്. കടിച്ചുകീറിയ നിലയിൽ ഏതാനും നായ്ക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പുലിയെ പിടികൂടി ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍