ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്
താമരശ്ശേരി : കലുങ്ക് നിര്‍മ്മാണത്തിനായി എടുത്ത കുഴിയില്‍ ബൈക്ക് യാത്രികന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡ് നിർമ്മാണത്തിന്റെ കരാറുകാരന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ക്ക് അന്വേഷണ ചുമതല നല്‍കി.
താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖ് കലുങ്കിനായെടുത്ത കുഴിയില്‍ വീണ് പരുക്കേറ്റത്. റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റോഡില്‍ അപകട സൂചനയായി റിബണ്‍ മാത്രമാണ് കെട്ടിയിരുന്നത്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതാണ് അപകട കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിച്ചു. കലുങ്ക് നിര്‍മ്മാണത്തിനായി റോഡിന്റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലായിരുന്നു.
റോഡ് പണിക്കായി രാവിലെ എത്തിയവരാണ് കുഴിയില്‍ ബൈക്ക് കിടക്കുന്നതായി കണ്ടത്. ബൈക്ക് യാത്രികനെ അപകടം നടന്നതിന് പിന്നാലെ അതുവഴി കടന്നുപോയ മറ്റു യാത്രക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍