കോവിഡ് കേസുകൾ കുതിച്ചുയരുന്നു; നിയന്ത്രണങ്ങള്‍ പരിഗണനയില്‍


സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് അവലോകനയോഗം നാളെയോ മറ്റന്നാളോ ചേരും. വിദഗ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. തിങ്കളാഴ്ച മുതലുള്ള കരുതല്‍ വാക്സീനേഷനായുള്ള ബുക്കിങ് ഇന്ന് മുതല്‍ തുടങ്ങും.

കഴിഞ്ഞ ഞായറാഴ്ച 2802 ആയിരുന്നു സംസ്ഥാനത്തെ പ്രതിദിന രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.58 ശതമാനവും. എന്നാല്‍ ഇന്നലെ രോഗികളുടെയെണ്ണം 5,944വും ടി.പി.ആര്‍ 9.89വും ആയി കുതിച്ചുയര്‍ന്നു. ഏകദേശം ഇരട്ടിയോളം വര്‍ധന. ഇതിനൊപ്പം ഒമിക്രോണ്‍ ബാധിതരുടെയെണ്ണവും പ്രതിദിനം ഉയരുന്നതിനാല്‍ രാജ്യത്തെമ്പാടുമുള്ളത് പോലെ മൂന്നാം തരംഗ ഭീഷണിയിലാണ് സംസ്ഥാനവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നാളയോ മറ്റന്നാളോ അവലോകനയോഗം ചേരുന്നത്. ഇനിയൊരു സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലാത്തതിനാല്‍ അത്തരമൊരു ആലോചനയേയില്ല. പക്ഷെ രോഗവ്യാപനം കൈവിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്യണം.

അതിനായി വാരാന്ത്യലോക്ഡൗണടക്കമുള്ള മാര്‍ഗങ്ങള്‍ പരിഗണനയിലുണ്ട്. പക്ഷെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സാമൂഹ്യ–സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ അന്തിമതീരുമാനമുണ്ടാവുക. അതിനിടെ രണ്ട് ഡോസ് വാക്സീനെടുത്ത് 9 മാസം പിന്നിട്ടവര്‍ക്കുള്ള കരുതല്‍ ഡോസ് വിതരണത്തിന് സംസ്ഥാനം സജ്ജമായി. ഇന്ന് രാവിലെ മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യാം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കരുതല്‍ ഡോസ് നല്‍കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍